ഗണപതി സ്‌തുതികളുമായി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനല്‍കി സ്‌പീക്കർ എഎൻ ഷംസീർ
കണ്ണൂർ: ഗണപതി സ്‌തുതിയുമായി വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനല്‍കി നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ശ്രദ്ധേയനായി. നേരത്തെ തിരുവനന്തപുരത്ത് നടന്ന ഒരു സ്കൂൾ പരിപാടിക്കിടെ ഗണപതി മിത്താണെന്ന് സ്‌പീക്കർ പ്രസംഗിച്ചത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തുവന്നു. ഷംസീറിന്റെ പ്രസംഗം സോഷ്യൽ മീഡിയയിലും ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഗണപതി സ്‌തുതികൾ ചൊല്ലിക്കൊണ്ടു സ്‌പീക്കർ കുരുന്നുകളെ എഴുത്തിനിരുത്തിയത്. തലശ്ശേരി ഇല്ലിക്കൽകുന്നിലെ ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവിലാണ് സ്‌പീക്കർ കുരുന്നുകളെ എഴുത്തിനിരിത്തിയത്. 'ഹരിശ്രീ ഗണപതയെ നമഃ' എന്ന് പറഞ്ഞ് സ്‌പീക്കർ അഡ്വ എഎൻ ഷംസീർ കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് എഴുതിച്ച് ആദ്യാക്ഷരം പകർന്നു നൽകി.

തലശ്ശേരി ഡസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് സ്‌റ്റോറി ടെല്ലിംഗ് മ്യൂസിയത്തിലായിരുന്നു എഴുത്തിനിരുത്ത് നടന്നത്. തലശ്ശേരി സബ് കലക്ടർ കാർത്തിക്ക് പാണിഗ്രഹി, മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ എന്നിവരും കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
ഡിടിപിസി സെക്രട്ടറി ജെകെ ജിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിൽ മാനേജർ ജിഷ്ണു ഹരിദാസ് സ്വാഗതം പറഞ്ഞു. പതിനഞ്ചോളം കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു. അക്ഷര ലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് സ്പീക്കർ ആശംസകൾ നേർന്നു. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി. കണ്ണൂർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും കോവിലുകളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വായനശാലകളിലും എഴുത്തിനിരുത്തൽ ചടങ്ങ് ഇക്കുറി വിപുലമായി നടന്നു.
കണ്ണൂർ പള്ളിക്കുന്നിലെ മൂകാംബിക ക്ഷേത്രത്തിൽ ആയിരത്തിലേറെ കുരുന്നുകളാണ് വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ, വിവിധ പത്ര സ്ഥാപനങ്ങൾ എന്നിവടങ്ങളിലും എഴുത്തിനിരുത്തൽ നടന്നു. ഒൻപതു ദിവസം നീണ്ട നവരാത്രി മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു കൊണ്ടാണ് വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചത്.












Click it and Unblock the Notifications