നവകേരള സദസിന് ഫണ്ട് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും ശ്രീകണ്ഠാപുരം നഗരസഭയും പിന്‍മാറി
ശ്രീകണ്ഠാപുരം: നവകേരള സദസിന് ഫണ്ട് അനുവദിച്ച തീരുമാനത്തില്‍ നിന്നും പിന്മാറി ശ്രീകണ്ഠാപുരം നഗരസഭ. അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് ഫണ്ട് പിന്‍വലിക്കുമെന്നും പാര്‍ട്ടി തീരുമാനം നടപ്പിലാക്കുമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ കെവി ഫിലോമിന മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭ ഫണ്ട് നല്‍കാനുള്ള തീരുമാനമെടുത്തതില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് 50000 രൂപ അനുവദിച്ച തീരുമാനത്തില്‍ നിന്നും പിന്മാറുന്നത്. 'നവകേരള സദസ് ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതാണ്. ശ്രീകണ്ഠാപുരം നഗരസഭയും സദസ് ബഹിഷ്‌കരിക്കും. യുഡിഎഫ് സംസ്ഥാന തലത്തില്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തുക കൊടുക്കേണ്ടതില്ല എന്നാണ് നിലപാട്. പാര്‍ട്ടി തീരുമാനം നടപ്പിലാക്കുമെന്നു കെവി ഫിലോമിന പറഞ്ഞു.

ഫണ്ട് അനുവദിച്ചതില്‍ നഗരസഭയ്ക്ക് ജാഗ്രത കുറവുണ്ടായെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ നഗരസഭ ചെയര്‍പേഴ്സണോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചിരുന്നു. നവകേരള സദസ് യുഡിഎഫ് ബഹിഷ്‌കരിച്ചിരിക്കെ ശ്രീകണ്ഠാപുരം നഗരസഭ 50,000 രൂപ ഫണ്ട് അനുവദിച്ചത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
ഒരു കൗണ്‍സിലര്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്തിരുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു തുടക്കത്തില്‍ നഗരസഭ പ്രതികരിച്ചത്. പഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരെയും നഗരസഭകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുമാണ് അനുവദിക്കാന്‍ കഴിയുക. അതേസമയം രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തായ നവകേരള സദസിന് പണം നല്‍കില്ലെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടിഒ മോഹനനും അറിയിച്ചു.
സര്‍ക്കാരിന്റെ ധൂര്‍ത്തിനൊപ്പം നില്‍ക്കാനില്ലെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നല്‍കില്ല. യുഡിഎഫ് സഹകരിക്കാന്‍ പറഞ്ഞാലും കോര്‍പ്പറേഷന്‍ പണം നല്‍കില്ലെന്നും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ പറഞ്ഞു. നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാനാണ് സര്‍ക്കാര്‍ നീക്കം.
തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നല്‍കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പണം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ചാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകള്‍ 50000 വും മുന്‍സിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോര്‍പ്പറേഷന്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നല്‍കേണ്ടത് മൂന്ന് ലക്ഷം രൂപയുമാണ്.
സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നല്‍കാനാണ് ഉത്തരവ്. എന്നാല്‍ ഇതു അംഗീകരിക്കില്ലെന്നും കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ കോര്‍പറേഷന്‍ കാര്യാലയത്തില്‍ അറിയിച്ചു.












Click it and Unblock the Notifications