സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി: രാഷ്ട്രീയ നേതാക്കളെ തോല്‍പ്പിച്ച് പൊലിസ് ടീം
കണ്ണൂര്‍: വോളി കോര്‍ട്ടില്‍ ജനപ്രതിനിധികളുടെയും രാഷ്ടീയ നേതാക്കളുടെയും പൊലീസ് ഓഫീസര്‍മാരുടെയും ആവേശപ്പോരില്‍ ഇടിയും മിന്നലും മഴയും വഴിമാറി. കണ്ണൂര്‍ പ്രസ് ക്ലബ് - കാനറാ ബാങ്ക് നാലാമത് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളിയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്‍മാരുമടങ്ങിയ ടീമും കണ്ണൂരിലെ പൊലീസ് ഓഫിസര്‍മാരുടെ ടീമും തമ്മില്‍ സൗഹ്യദ മത്സരം നടന്നു.
മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് ജനപ്രതിനിധികളെ കീഴടക്കി പൊലീസ് ഓഫിസര്‍മാരുടെ ടീം ജയിച്ചു. പ്രായം മറന്ന് കളിക്കളത്തില്‍ ഊര്‍ജസ്വലമായ സര്‍വീസുകളിലൂടെ കണ്ണൂര്‍ മണ്ഡലം എം എല്‍ എ രാമചന്ദ്രന്‍ കടന്നപള്ളി ആവേശകരമായ സാന്നിധ്യമായി. യുവത്വത്തിന്റെ പ്രതീകങ്ങളായി കെ വി സുമേഷ് എം എല്‍ എ, എം വിജിന്‍ എന്നിവര്‍ മികച്ച സര്‍വീസിലൂടെയും ലിഫ്റ്റിലൂടെയും കളം നിറഞ്ഞു കളിച്ചു.

കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീമും ഉണര്‍ന്നു കളിച്ചു. മുന്‍ നിരയില്‍ നിന്ന് അഡ്വ. പി സന്തോഷ് കുമാര്‍ എം പി ജനപ്രതിനിധികളുടെ നീക്കങ്ങള്‍ക്ക് മികച്ച ലിഫ്റ്റുകളിലൂടെയും സ്മാഷുകളിലൂടെയും ശക്തി പകര്‍ന്നപ്പോള്‍ കാണികളും ആര്‍പ്പുവിളിച്ചു.
ബി ജെ പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബി ജെ പി ജില്ലാ സെക്രട്ടറി ബിജു ഏളക്കുഴി, കെ എസ് യു സംസ്ഥാന നേതാവ് മുഹമ്മദ് ഷമ്മാസ്, മുസ്ലീം ലീഗ് നേതാവ് വി.കെ മുഹമ്മദലി, ബി ജെ പി ഉത്തരമേഖലാ സെക്രട്ടറി കെ പി അരുണ്‍ എന്നിവര്‍ കളം നിറഞ്ഞു കളിച്ചു.
പൊലീസ് ഓഫിസര്‍മാര്‍ക്ക് വേണ്ടി മുന്‍ സംസ്ഥാന വോളി ബോള്‍ താരം കൂടിയ അസി കമ്മിഷണര്‍ ഓഫ് പൊലിസ് ടി കെ രത്‌ന കുമാര്‍, മുന്‍ ദേശീയ താരമായ കെ എ പി ഫോര്‍ത്ത് ബറ്റാലിയന്‍ കമാന്‍ഡന്റ് സാലു ജോര്‍ജ് പൊലീസ് ഇന്‍സ്‌പെക്ടറായ എം പി ആസാദ് (പാനൂര്‍ ) കെ വി പ്രമോദന്‍ (മട്ടന്നൂര്‍ ), വിനോദ്, ജയചന്ദ്രന്‍ തുടങ്ങിയവര്‍ കളിക്കളത്തില്‍ ഇറങ്ങി.
കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് കാനറാ ബാങ്ക് ജേര്‍ണലിസ്റ്റ് വോളിയില്‍ ആദ്യ ജയം ആതിഥേയര്‍ നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കണ്ണൂര്‍ പ്രസ് ക്ലബ് കോഴിക്കോടിനെ കീഴടക്കി ( 25-21, 23-25, 23 -25, 25-18, 15-13). മെയ് 24 ന് എറണാകുളം പ്രസ് ക്ലബ് കോഴിക്കോട് പ്രസ്‌ക്ലബിനെ നേരിടും. വൈകുന്നേരം ആറിന് സെലിബ്രിറ്റി മത്സരത്തില്‍ അബു സലിം നയിക്കുന്ന സിനിമാ താരങ്ങളുടെ ടീമും ഡോക്ടര്‍മാരും ഏറ്റുമുട്ടും.












Click it and Unblock the Notifications