കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; കുട്ടിയെ കടിച്ചുവലിച്ചു, ആഴത്തിൽ മുറിവ്
കണ്ണൂർ: മുഴപ്പിലങ്ങാട് വീണ്ടും കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജാൻവിയെ (9) ആണു നായ്ക്കൾ കടിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് തെരുവുനായ്ക്കൾ ചേർന്നാണ് കുട്ടിയെ കടിച്ചത്. കരച്ചിൽ കേട്ട് ആളുകൾ ഓടിയെത്തിയതോടെയാണ് നായകൾ പോയത്. നായ്ക്കളുടെ ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്.
ദിവസങ്ങൾക്ക് മുൻപായിരുന്നു മുഴപ്പിലങ്ങാട് പതിനൊന്നുകാരനായ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചു കൊന്നത്.വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
അതിനിടെ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലയിൽ തെരുവ് നായകളുടെ അക്രമം കൂടിവരികയാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ ചൂണ്ടിക്കാട്ടി. തെരുവ് നായ കേസില്‍ നേരത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ കക്ഷി ചേരുകയും ചെയ്തിരുന്നു.

എ ബി സി പദ്ധതി അവസാനഘട്ടത്തിൽ
ജില്ലയിൽ എ ബി സി (അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം) പദ്ധതി നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. തെരുവ് നായ നിയന്ത്രണ പദ്ധതിയുടെ പുരോഗതിയും തുടർനടപടികളും സംബന്ധിച്ച അവലോകന യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഓരോ ഗ്രാമ പഞ്ചായത്തിനും ഓരോ സെന്റർ തുടങ്ങുക എന്നത് പ്രായോഗികമല്ലെന്നും അതിനാൽ രണ്ടോ മൂന്നോ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കിഴിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾക്കായി ഒരു കേന്ദ്രം എന്ന നിലയിൽ ആണ് എ ബി സി പദ്ധതി ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുള്ള മുളന്തുരുത്തി, വടവുകോട് ബ്ലോക്ക് കേന്ദ്രങ്ങളിൽ ജൂലൈ ആദ്യവാരം പ്രവർത്തനം തുടങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശിച്ചു.
പദ്ധതി പ്രകാരം ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലെയും തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്നും അതിനാവശ്യമായ ജീവനക്കാരെ ഏർപ്പെടുത്തണമെന്നും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് യോഗത്തിൽ നിർദ്ദേശിച്ചു.
മുളന്തുരുത്തി കേന്ദ്രത്തിൽ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികളും വടവുകോട് കേന്ദ്രത്തിൽ ടൈലിംഗും പൂർത്തീകരിക്കേണ്ടതുണ്ട്. കേന്ദ്രങ്ങളിലേക്കാവശ്യമായ ജീവനക്കാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ജൂലൈ ആദ്യവാരം പ്രവർത്തനം പൂർണ്ണതോതിൽ ആരംഭിക്കാൻ കഴിയും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 3ന് ജില്ലാ കളക്ടർ നിർവ്വഹിക്കും.












Click it and Unblock the Notifications