അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വേർതിരിക്കുന്ന കണ്ടു പിടിത്തവുമായി വിദ്യാർത്ഥികൾ
ശ്രീകണ്ഠാപുരം: കൊവിഡിനെ പ്രതിരോധിക്കാൻ പുത്തൻ സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തമുമായി ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികൾ മുന്നേറുന്നു. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ രോഗികൾക്കും ഡോക്ടർമാർക്കും ഏറെ പ്രയോജനപ്രദമായ "മെഡിക്കൽ അസിസ്റ്റന്റ്സ് റോബോട്ട്, പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്പെൻസർ, റോബോ സാനിറ്റൈസർ ഡിസ്പെൻസർ, വലിയ മാളുകളിലും ആശുപത്രികളിലുമൊക്കെ ആളുകളുടെ നിയന്ത്രണം സാധ്യമാക്കുന്ന ക്രൗഡ് കൺട്രോളിംഗ് റോബോ സിസ്റ്റം" അടക്കമുള്ള പല കണ്ടുപിടിത്തങ്ങളും നടത്തിയ വിദ്യാർത്ഥികൾ ഇപ്പോൾ ഒരു പുതു പരീക്ഷണവും കൂടിനടത്തി വിജയിച്ചിരിക്കുകയാണ്.
ജില്ലയിലെ വിവിധ കോവിഡ് സെന്ററുകളിലേക്ക് നൽകാനായി ഏറ്റവുമൊടുവിൽ അന്തരീക്ഷത്തിൽനിന്നു നേരിട്ട് ഓക്സിജനെ വേർതിരിച്ചെടുക്കുന്ന മെഷീൻ നിർമിച്ചാണ് വിമൽ ജ്യോതി വിദ്യാർഥികൾ ശ്രദ്ധേയരാകുന്നത്.രണ്ടാംവർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം വിദ്യാർഥികളായ എൻ. അങ്കിത, മാനസ് ടോം, ആഷിക് ബെന്നി, ജോബിൻ ജോസഫ്, എ.വി. നിസ്വാർത്ഥ്, സി.എച്ച്. ധനുഷ്, നെവിൻ സജി, നയന സജി, ഗോപിക ഗോപാലകൃഷ്ണൻ, ടി. ഗീതിക, ശിൽപ എം. നായർ, ജീന ജോർജ് എന്നിവർ ചേർന്നാണ് ഈ "ഓക്സിജൻ കോൺസൻട്രേറ്ററിന്റെ" പ്രോട്ടോടൈപ്പ് വേർഷൻ രൂപകല്പന ചെയ്തത്.

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ ആവശ്യമായ ഓക്സിജന്റെ കടുത്ത ക്ഷാമം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ചുരുങ്ങിയ ചെലവിൽ ലഭിക്കുന്ന ഈ ഉപകരണം ഏറെ സഹായകമാകും. വിപണിയിൽ ഇന്നു ലഭ്യമാകുന്ന ഓക്സിജൻ കോൺസൻട്രേറ്ററിനേക്കാൾ വളരെ ചുരുങ്ങിയ ചെലവിൽ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുന്ന ഈ മെഷീൻ വ്യാവസായികാടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുംവിധം നിർമിച്ചു നൽകുന്നതിനുള്ള ഒരുക്കത്തിലാണ് കോളജും വിദ്യാർഥികളും.
വിപണിയിലുള്ള കോൺസൻട്രേറ്ററിന് 60,000 രൂപമുതൽ ഒരു ലക്ഷം രൂപയോളം ചെലവ് വരും. എന്നാൽ വിദ്യാർഥികൾ നിർമിച്ച ഈ മെഷീന് 26,000 രൂപയ്ക്ക് അടുത്തു മാത്രമേ ചെലവ് വരൂവെന്നതാണ് മെച്ചം. കണ്ണുർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൊ വിഡ് രോഗികൾക്ക് ഓക്സിജൻ നൽകുന്നതിനായി ഓക്സിജൻ പ്ളാൻ്റുകൾ സ്ഥാപിച്ചു വരികയാണ് എന്നാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്കും ഏറെ പ്രയോജനകരമാണ് വിമൽ ജ്യോതി വിദ്യാർത്ഥികളുടെ കണ്ടുപിടിത്തം: വിദ്യാർത്ഥികളുടെ ഈ കണ്ടുപിടിത്തം തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ മുൻപാകെ അവതരിപ്പിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications