വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം: അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം
രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ക്ലാസില്‍ കയറ്റുവെന്നു അധ്യാപിക നിര്‍ബന്ധം പിടിച്ചത് കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

തലശേരി: പെരളശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി റിയാ പ്രവീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പൊലിസ് കേസെടുത്തു. പെരളശേരി എകെജി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ റിയയുടെ ക്ളാസ് ടീച്ചര്‍ ഷോജ, കായിക അധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ചക്കരക്കല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടെരിയാണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. അധ്യാപിക വഴക്കുപറഞ്ഞതു കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നു. ക്ളാസിലെ ബെഞ്ചില്‍ മഷിപുരട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അധ്യാപിക റിയ അടക്കമുള കുട്ടികളെ ശകാരിച്ചിരുന്നു.
രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ക്ലാസില്‍ കയറ്റുവെന്നു അധ്യാപിക നിര്‍ബന്ധം പിടിച്ചത് കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അന്നേ ദിവസം വൈകി വീട്ടിലെത്തിയ റിയ അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതിവെച്ചു കിടപ്പുമുറിയിലെ ഷാളില്‍ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.
സ്റ്റുഡന്റ് പൊലിസ് കാഡറ്റുകൂടിയായ റിയയുടെ ആത്മഹത്യ കുടുംബത്തെയും വീട്ടുകാരെയും നടുക്കത്തിലാഴ്ത്തിയിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ വീടും സ്‌കൂളും സന്ദര്‍ശിക്കുകയും പൊലിസിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും സംഭവത്തെ കുറിച്ചു റിപ്പോര്‍ട്ടു തേടിയിരുന്നു.
പെരളശേരി ഐവര്‍കുളത്തെ പ്രവീണ്‍-റീന ദമ്പതികളുടെ മകളാണ് റിയ. ഉന്നത വിജയം നേടുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ് പെരളശേരി എകെജി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. അച്ചടക്കത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിനിയെ ശാസിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.












Click it and Unblock the Notifications