പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള വേനല്‍ക്കാല സര്‍വീസുകള്‍ പ്രഖ്യാപിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വേനല്‍ക്കാല വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു.അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ദമ്മാം, ദോഹ, മസ്‌കത്ത്, റിയാദ്, ജിദ്ദ, കുവൈത്ത്, മനാമ തുടങ്ങിയ ഗള്‍ഫ് നാടുകളിലേക്ക് കൂടുതല്‍ യാത്രാസൗകര്യപ്രദമാക്കുന്ന വിധത്തിലാണ് സര്‍വീസുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നു കിയാല്‍ അധികൃതര്‍ അറിയിച്ചു.
റാസല്‍ ഖൈമയിലേക്കും ദമ്മാമിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ രണ്ട് റൂട്ടുകള്‍ തുടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായിരിക്കും ഉണ്ടാവുക. ഷാര്‍ജ, അബുദാബി, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും കൂട്ടിയിട്ടുണ്ട്. സലാല, സിങ്കപ്പൂര്‍, ക്വലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതോടെപ്പം ആഭ്യന്തര വിമാന സര്‍വീസുകളിലും മാറ്റമുണ്ടെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.

ചെന്നൈയിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ വര്‍ധിപ്പിക്കും. ദിവസേന രാവിലെയുള്ള കൊച്ചിന്‍ സര്‍വീസ് തിരുവനന്തപുരം വരെയാക്കും. ബംഗളൂരുവിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളാണുള്ളത്. മുംബെയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളുണ്ട്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അഭ്യന്തര, വിദേശ സര്‍വീസുകളും വേനല്‍ക്കാല സീസണ്‍ പരിഗണിച്ചു കൂട്ടിയിട്ടുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനല്‍ക്കാല വിമാന സമയക്രമയാവും പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 26 വരെയാണ് പുതിയ സമയക്രമം പ്രാബല്യത്തിലുണ്ടാകുക. നിലവിലുള്ള ശീതകാല പട്ടികയില്‍ ആഴ്ചയില്‍ 1330 സര്‍വീസുകളുണ്ട്. പുതിയ വേനല്‍ക്കാല പട്ടികയില്‍ സര്‍വീസുകളുടെ എണ്ണം 1628 ആയി. അന്താരാഷ്ട്ര സെക്ടറില്‍ ഇരുപത്തിയാറും ആഭ്യന്തര സെക്ടറില്‍ എട്ടും വിമാന കമ്ബനികളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. അന്താരാഷ്ട്ര സെക്ടറില്‍ ഏറ്റവും അധികം സര്‍വീസുള്ളത് അബുദാബിയിലേക്കാണ് 66 പ്രതിവാര സര്‍വീസുകള്‍ നടത്തുക.
ദോഹയിലേക്ക് 46, ദുബായിയിലേക്ക് 45 സര്‍വീസുകളുമാണ് കൊച്ചിയില്‍നിന്നുള്ളത്. തായ് എയര്‍വേയ്സ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് പ്രീമിയം സര്‍വീസ് തുടങ്ങും. തായ് ലയണ്‍ എയര്‍ ബാങ്കോക്ക് ഡോണ്‍ മ്യൂങ് വിമാനത്താവളത്തിലേക്കും പ്രതിദിന സര്‍വീസ് തുടങ്ങും. നിലവിലുള്ള തായ് എയര്‍ ഏഷ്യയുടെ സര്‍വീസുകള്‍ക്ക് പുറമെയാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുന്‍പോട്ടു പോകുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുതിയ സര്‍വീസുകള്‍ ആശ്വാസമേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേനല്‍ അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും ഏറെ ആശ്വാസകരമാണിത്.












Click it and Unblock the Notifications