'സുരേഷ് ഗോപി നായനാരുടെ ഭാര്യയെ സന്ദർശിച്ചത് രാഷ്ട്രീയം കളിക്കാനാണ്'; എംവി ജയരാജൻ
കണ്ണൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതിനു ശേഷം സുരേഷ് ഗോപി ഇകെ നായനാരുടെ ഭാര്യയെ സന്ദർശിച്ചത് കേന്ദ്രമന്ത്രിയെന്ന നിലയിൽ രാഷ്ട്രീയം കളിക്കാനാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മറ്റുള്ളവരുടെ വീടിന് നേരെ ബോംബെറിയുന്ന കോൺഗ്രസിൻ്റെയോ ബിജെപിയുടെയോ സംസ്കാരമല്ല സിപിഎമ്മിൻ്റെത് അതുകൊണ്ടാണ് ആട്ടിപ്പുറത്താക്കതെന്ന് എംവി ജയരാജൻ പറഞ്ഞു.
കണ്ണൂർ തെക്കി ബസാറിൽ കെ നാണു രക്തസാക്ഷി ദിനാചരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സുരേഷ് ഗോപി ശാരദ ടീച്ചറെ കണ്ടത് ഇടതു പക്ഷ പ്രവർത്തകരിൽ ആശയ കുഴപ്പമുണ്ടാക്കാനാണെന്നും എം.വി ജയരാജൻ ആരോപിച്ചു. കോൺഗ്രസുകാരനായ കഥാകൃത്ത് ടിപത്മനാഭൻ്റെ വീടും സന്ദർശിച്ചു. ഇപ്പോൾ നാടുമുഴുവൻ ഓടി നടന്ന് പലരെയും സന്ദർശിക്കുന്ന സിനിമാക്കാരൻ്റെ രാഷ്ട്രീയത്തിൻ്റെ ഭാവിയെന്താണെന്നും എം.വി ജയരാജൻ ചോദിച്ചു.

ബിജെപിക്ക് തൃശൂരിൽ ജയിക്കാൻ കഴിഞ്ഞത് കോൺഗ്രസിൻ്റെ ഒരു ലക്ഷത്തോളം വോട്ടു കിട്ടിയതു കൊണ്ടാണ്. കഴിയുന്ന പലരെയും കാണാൻ കഴിയുന്ന കൂട്ടത്തിലാണ് സുരേഷ് ഗോപി കോൺഗ്രസുകാരെയും കാണുന്നത്. തൃശൂരിൽ അദ്ദേഹത്തിന് കോൺഗ്രസിൻ്റെ വോട്ടും കിട്ടിയല്ലോയെന്നും ജയരാജൻ ചോദിച്ചു. അവരുടെ രാഷ്ട്രീയമാണ് സുരേഷ് ഗോപി കളിക്കുന്നത്.
കേന്ദ്ര മന്ത്രിയായത് കോൺഗ്രസിൻ്റെ വോട്ടു നേടിയാണ് സുരേഷ്ഗോപിയെന്ന് നാം മറക്കരുതെന്നും ജയരാജൻ പറഞ്ഞു. കേന്ദ്രമന്തിയെന്ന നിലയിൽ സുരേഷ് ഗോപിക്ക് ആരെയും സന്ദർശിക്കാൻ സ്വാതന്ത്രമുണ്ട്. അതിനാരും എതിരല്ലെന്നും എന്നാൽ രാഷ്ട്രിയം കളിക്കുന്നത് ശരിയല്ലെന്നും ജയരാജൻ പറഞ്ഞു.
കേന്ദ്രത്തിൽ 400 സീറ്റു നേടുമെന്നു തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗങ്ങളിൽ ആവർത്തിച്ച് പ്രസംഗിച്ച നരേന്ദ്ര മോദിയുടെ ഗതിയെന്തായെന്ന് നാം ഈ അവസരത്തിൽ പരിശോധിക്കണം. ഇന്ത്യാ മുന്നണിയുമായി ഒന്നേമുക്കാൽ ശതമാനത്തിൻ്റെ വ്യത്യാസം മാത്രമേ നരേന്ദ മോദിയുടെ പാർട്ടിക്ക് ലഭിച്ചിട്ടുള്ളു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിൻ്റെ പരാജയം മറന്നു കൊണ്ടല്ല ഇതു പറയുന്നതെന്നും കേരളത്തിൽ ഉൾപ്പെടെ ഇടതുമുന്നണി തിരിച്ചു വരുമെന്നും ജയരാജൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് എതിരായാണ് വോട്ടു ചെയ്തത്. അവർ ഇന്ത്യാ മുന്നണിയിൽ കോൺഗ്രസിനെ മാത്രമേ കണ്ടുള്ളു ആ സാഹചര്യം എന്തു കൊണ്ടു ഉണ്ടായതാണെന്ന് പാർട്ടി പരിശോധിക്കുമെന്നും ജയരാജൻ പറഞ്ഞു. പരിപാടിയിൽ കെ. പി സഹദേവൻ അധ്യക്ഷനായി അരക്കൻ ബാലൻ , കെ പി സുധാകരൻ, കെ രമേശൻ ഒകെ വിനീഷ് എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications