നികുതി വെട്ടിപ്പ്; ഹൈറിച്ച് എംഡി അറസ്‌റ്റിൽ, കണ്ടെത്തിയത് 126 കോടിയുടെ ക്രമക്കേട്
പയ്യന്നൂർ: കോടികളുടെ നികുതി വെട്ടിപ്പു നടത്തിയെന്ന കുറ്റത്തിന് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് (എം.എൽ.എം) കമ്പിനിയായ ഹൈറിച്ചിന്റെ എംഡി പ്രതാപൻ കോലാട്ട ദാസൻ അറസ്‌റ്റിൽ. കേരള ജിഎസ്‌ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റാണ് 126 കോടിയുടെ നികുതി വെട്ടിപ്പിന് ഇയാളെ അറസ്‌റ്റ ചെയ്‌തത്.
പയ്യന്നൂരിലെ രാജൻ സി നായർ കഴിഞ്ഞ മാസം 23 ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ചു പരാതി നൽകിയിരുന്നു. ഇതിൻമേൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇൻകം ടാക്‌സ് ചീഫ് കമ്മീഷണർക്ക് കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് കേരള ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ നടപടിയെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ് ടി വെട്ടിപ്പു കേസാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കാസർകോട് രഹസ്യാന്വേഷണ വിഭാഗം സീനിയർ ഇന്റലിജൻസ് ഓഫീസർ രമേശൻ കോളിക്കരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജി.എസ്.ടി വിഭാഗമാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. കമ്പിനിയുടെ നികുതി ബാധ്യത 12,654 കോടിയാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് എർണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റം) കോടതിയിൽ ഹാജരാക്കിയ പ്രതാപനെയും ഭാര്യ ശ്രീനയെയും ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്.
കമ്പനി ഡയറക്ടർമാരായെ പ്രതാപനെയും ഭാര്യയെയും നേരത്തെ ഇന്റലിജൻസ് ഡെപ്യുട്ടി കമ്മീഷണർ ജി.എസ്. ടി ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കു പിന്നാലെ രണ്ടു തവണകളായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടി രൂപയിലധികം ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്.
അതേസമയം, ഇവർ കുറ്റം സമ്മതിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എം.എൽ.എം മോഡലിലുള്ള ഇ-കൊമെഴ്‌സ് പ്ളാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പെന്നാണ് കേരള ജി.എസ്. ടി ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ . സാധാരണയായി സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കുറ്റം കണ്ടെത്തിയിട്ടും ഇത്തരമൊരു നടപടി ഹൈറിച്ചിനെതിരെ ഉണ്ടായിട്ടില്ല. പല ഉന്നത ഉദ്യേഗസ്ഥർക്കും ഹൈറിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെതിരെ നേരത്തെ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് നിക്ഷേപകർ പരാതി ഉയർത്തിയിട്ടുമുണ്ട്.












Click it and Unblock the Notifications