അധ്യാപക ദിനത്തില്‍ അധ്യാപകനെ മര്‍ദ്ദിച്ചു, വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ദിനത്തില്‍ അധ്യാപകനെ അടിച്ചും ചവിട്ടിയും പരുക്കേല്‍പ്പിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്.
പരീക്ഷാ ഹാളില്‍ എന്തോ ചവക്കുന്നത് കണ്ട് തുപ്പി ക്‌ളാസില്‍ കയറാന്‍ പറഞ്ഞതിന് പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും വയറില്‍ ചവിട്ടുകയും ചെയ്തുമെന്നാണ് പരാതി. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരേണ്ടന്നാണ് താല്‍കാലികമായ തീരുമാനം.

അടുത്ത ദിവസം ചേരുന്ന പിടിഎ യോഗത്തില്‍ ഈ കാര്യത്തിലുള്ള അനന്തരനടപടികള്‍ സ്വീകരിക്കും. അതേസമയം അധ്യാപകന്റെ പരാതിയിലാണ് രണ്ട് വിദ്യാര്‍ത്ഥിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. വ്യാഴാഴ്ച്ച രാവിലെ ഒന്‍പതു മണിക്കാണ് കേസിന് ആസ്പദമായ സംഭവം. ഓണപരീക്ഷയുടെ ഭാഗമായി ഇംഗ്ലീഷ് പരീക്ഷ നടക്കാനിരിക്കെ പരീക്ഷാഹാളില്‍ മറ്റു വിദ്യാര്‍ത്ഥികളെല്ലാം കയറിയെങ്കിലും രണ്ടു വിദ്യാര്‍ത്ഥികള്‍ മാത്രം കറങ്ങി നടന്നത് അധ്യാപകന്‍ ചോദ്യംചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമായത്.
ച്യൂയിംഗം നുണഞ്ഞ് സ്‌കൂള്‍ വരാന്തയില്‍ കറങ്ങി നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ പരീക്ഷാ ഹാളിലേക്ക് കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. അധ്യാപകന്റെ നിര്‍ബന്ധം അസഹ്യമായതോടെ പ്രകോപിതരായ രണ്ടു വിദ്യാര്‍ത്ഥികള്‍ അധ്യാപകന്റ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഒരു മാസം മുന്‍പ് തലശേരി നഗരത്തിലെ ഒരു സ്‌കൂളിലും ഇതിനു സമാനമായ സംഭവം നടന്നിരുന്നു.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്‌ളാസില്‍ കയറി ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന അധ്യാപികയ്ക്ക് മുഖത്ത് അടിയേറ്റിരുന്നു. ഈ സംഭവത്തിലും പൊലിസ് കേസെടുത്തിട്ടുണ്ട്. വിദ്യാലയങ്ങളില്‍ റാഗിങിന് പുറമേ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കുനേരെ തിരിയുന്നത് പഠനാന്തരിക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പരിയാരത്തെ ഒരു സ്‌കൂളില്‍ റാഗിങ് തടയുന്നതിനായി രക്ഷിതാക്കള്‍ കാവല്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം ജുനിയര്‍ വിദ്യാര്‍ത്ഥിയെ റാഗിങ് ചെയ്തതിന് പതിനഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു.












Click it and Unblock the Notifications