തലശേരി ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ ലഹരിവില്‍പനയെ ചോദ്യം ചെയ്തതിലുളള വൈരാഗ്യം
കൊലപാതകത്തിനു കാരണം ലഹരി മാഫിയ പ്രവര്‍ത്തനം ചോദ്യം ചെയ്തതിനാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. 107 സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്

കണ്ണൂര്‍: മയക്കുമരുന്നു വില്‍പനയെ ചോദ്യം ചെയ്തതിനു രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേകഅന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി പൊലിസ് ഇന്‍സ്പെക്ടര്‍ എം. അനില്‍ ആണ് തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനാഴി ശമീര്‍ (40) എന്നിവരെയാണ് സംഘംചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു കാരണം ലഹരി മാഫിയ പ്രവര്‍ത്തനം ചോദ്യം ചെയ്തതിനാണെന്നു കുറ്റപത്രത്തില്‍ പറയുന്നു.
107 സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ വിശദാംശങ്ങളും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നെട്ടൂര്‍ ചിറക്കക്കാവിനു സമീപം വെള്ളാടത്ത് ഹൗസില്‍ സുരേഷ്ബാബു എന്ന പാറായി ബാബു (47), ചിറക്കക്കാവിനു സമീപം മുട്ടങ്ങല്‍ ഹൗസില്‍ ജാക്സണ്‍ വിന്‍സന്റ് (28), വടക്കുമ്പാട് നമ്പ്യാര്‍പീടിക വണ്ണാത്താന്‍വീട്ടില്‍ കെ. നവീന്‍ (32), പാറക്കെട്ടിട്ടില്‍ സഹറാസില്‍ മുഹമ്മദ് ഫര്‍ഹാന്‍ (29), പിണറായി പടന്നക്കര വാഴയില്‍ ഹൗസില്‍ സുജിത്കുമാര്‍ (45), വടക്കുമ്പാട് പാറക്കെട്ടിലെ തേരേക്കാട്ടില്‍ ഹൗസില്‍ അരുണ്‍കുമാര്‍ (38), പിണറായി പുതുക്കുടി ഹൗസില്‍ ഇ.കെ സന്ദീപ് (38) എന്നിവരാണ് കേസിലെ പ്രതികള്‍.
കഴിഞ്ഞ നവംബര്‍ 23ന് വൈകിട്ട് മൂന്നോടെയായിരുന്നു കൊലപാതകം. ലഹരിസംഘത്തെ ചോദ്യംചെയ്തതിന് ശമീറിന്റെ മകന്‍ ഷബീലിനെ (20) നെട്ടൂര്‍ ചിറക്കക്കാവിനു സമീപം വച്ച് ആക്രമിച്ചിരുന്നു. പരുക്കേറ്റ മകനെ കാണാന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിയ ഷമീറിനെയും കെ.ഖാലിദിനെയും റോഡിലേക്ക് വിളിച്ചിറക്കിയാണ് കുത്തിക്കൊന്നത്.
ഒന്നാം പ്രതി പാറായി ബാബു ആണ് ഇരുവരെയും കൊലപ്പെടുത്താന്‍ വീനസ് കവലയിലേക്ക് വിളിച്ചിറക്കിയതെന്നാണ് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവത്തിനു ശേഷം മുഖ്യപ്രതിയായ പാറായി ബാബുവും സംഘവും കര്‍ണാടയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇതിനു ശേഷം നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് ഇവര്‍ ഇരിട്ടിയില്‍ നിന്നും പിടിയിലാകുന്നത്.












Click it and Unblock the Notifications