തലശേരി -മാഹി ബൈപ്പാസ്, ടോള്‍ പിരിവിനായി ഫാസ് ടാഗ് സംവിധാനം, ടോള്‍ ബൂത്ത് ഒരുങ്ങി
തലശേരി: ചോനാടത്ത് ഉദ്ഘാടനം ചെയ്യുന്ന തലശേരി - മാഹി ബൈപ്പാസിന്റെ ടോള്‍പിരിവ് തിങ്കളാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ വടക്കുമ്പാട് ടോള്‍ബൂത്തില്‍ നടക്കുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ വടക്കുമ്പാട് ടോള്‍ ബൂത്തില്‍ അറിയിച്ചു. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോള്‍പിരിവ്. ഫാസ് ടാഗില്ലെങ്കില്‍ ടോള്‍ പിരിവിന്റെ ഇരട്ടി തുക നല്‍കണം. ഫാസ് ടാഗ് എടുക്കാനുള്ള സൗകര്യം ടോള്‍ പ്ളാസ് യിലുണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.മാര്‍ച്ച് 11 ന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക.

ചോനാടത്തെ പ്രത്യേക വേദിയില്‍ ഇതു പൊതുജനങ്ങള്‍ക്ക് കാണാന്‍ ദേശീയ പാത അതോറിറ്റി അധികൃതര്‍ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട് സ്പീക്കര്‍ എ.എന്‍ ഷംസീറും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ചോനാടത്തെ വേദിയില്‍ ഉദ്ഘാടന സമയത്ത് പങ്കെടുക്കുംസമ്മേളനത്തിന്റെ ലൈവ് സ്ട്രീമിങ്ങിന് ശേഷം സ്പീക്കറും മന്ത്രിയും വിശഷ്ടാതിഥികളും കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യും.
1000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ചോനാടത്ത് ഒരുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ട്രയല്‍ റണ്ണിന്റെ ഭാഗമായി ശനിയാഴ്ച്ചയും യാത്രക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു.പതിനാറുകിലോ മീറ്റര്‍ ദൂരമുളള തലശേരി - മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതോടെ പതിനാലുമിനിട്ടുകൊണ്ടു മുഴപ്പിലങ്ങാടു നിന്നും അഴിയൂരിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ബൈപ്പാസിലൂടെ നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. ഇതിനു ശേഷം സ്വകാര്യവാഹനങ്ങളും ഇതിലൂടെ കടത്തിവിട്ടിരുന്നു. മുഴപ്പിലങ്ങാട്, ധര്‍മടം, തലശേരി നഗരങ്ങള്‍ക്ക് സമാന്തരമായി പോകുന്ന ബൈപ്പാസ് റോഡ് ഇവിടങ്ങളിലെ ഗതാഗതകുരുക്ക് ഒഴിവാക്കും. ഇരുപത്തിയൊന്ന് മേല്‍പാലങ്ങളും നിരവധി അടിപ്പാതകളും ഒരു ടോള്‍ ബൂത്തുമാണ് ബൈപ്പാസിന്റെ ഭാഗമായിട്ടുളളത്. കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ചരക്കുവാഹനങ്ങള്‍ക്കും ടാങ്കര്‍ ലോറികള്‍ക്കും അതിവേഗം ഗതാഗതകുരുക്കുണ്ടാക്കാതെ സഞ്ചരിക്കാന്‍ കഴിയും.












Click it and Unblock the Notifications