യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്; കണ്ണൂരില്‍ ശക്തമായ ത്രികോണ മത്സരം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രമായി. ഇക്കുറി ത്രികോണ മത്സരമാണ് കണ്ണൂരില്‍ നടക്കുന്നത്. കണ്ണൂരിലെ പ്രബലരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിഭാഗം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ത്ഥിയും ഇതിനൊപ്പം എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയും മത്സരിക്കും.
സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും കെ.സുധാകര വിഭാഗവും കെ.സി ഗ്രൂപ്പും ഒരുമിച്ചാണെങ്കിലും കണ്ണൂരില്‍ ഇതിന് വിരുദ്ധമായി പോരിനിറങ്ങിയിരിക്കുകയാണ്. ഐ ഗ്രൂപ്പില്‍ നിന്നും മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ഫര്‍സീന്‍ മജീദാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പൊലിസ് അറസ്റ്റു ചെയ്ത കേസിലെ പ്രതിയാണ് ഫര്‍സീന്‍.

നിലവില്‍ താല്‍ക്കാലിക അധ്യക്ഷനായിരുന്ന രാഹുല്‍ വെച്ചിയാടായിരുന്നു ആദ്യം ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെങ്കിലും പിന്നീട് അവസാനഘട്ടം നടന്ന ചര്‍ച്ചയില്‍ മാറിമറയുകയായിരുന്നു. വേണുഗോപാല്‍ വിഭാഗത്തില്‍ നിന്ന് നിധിന്‍ കോമത്താണ് മത്സരിക്കുന്നത്. ഇരുസ്ഥാനാര്‍ത്ഥികളും നോമിനേഷന്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എ വിഭാഗത്തില്‍ നിന്നും വിജില്‍ മോഹനനും പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയിട്ടുണ്ട്.
ഇതോടെ കണ്ണൂരില്‍ അതിശക്തമായ മത്സരത്തിനാണ് കളമൊരുങ്ങിയിട്ടുളളത്. സംസ്ഥാന നേതൃത്വത്തിലേക്ക് കെ.സി വേണുഗോപാല്‍ വിഭാഗത്തില്‍ നിന്നും മുഹ്സിന്‍ കാവിയോട്, റോബര്‍ട്ട് വെളളാംവളളി എന്നിവരും മത്സരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാനുളള ഭഗീരഥ പ്രയത്നത്തിലാണ് കെ.സി വേണുഗോപാല്‍ വിഭാഗം.












Click it and Unblock the Notifications