മുറവിളി ഫലം കണ്ടു: ബി. എല്‍. ഒമാര്‍ക്ക് ആശ്വാസമേകി ഓണറേറിയം അനുവദിച്ചു
കണ്ണൂര്‍: ഏറെനാളത്തെ മുറവിളിക്കു ശേഷം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ ഓണറേറിയം അനുവദിച്ചു കൊണ്ടു ഉത്തരവിറക്കി. 2021-2022 ജൂണില്‍ വരെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന്റെ വേതനവും ഫോണ്‍ കുടിശികയുമാണ് അനുവദിച്ചത്. ഇലക്ഷന്‍ അക്കൗണ്ട് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ 13ന് പുറപ്പെടുവിപ്പിച്ച ഓര്‍ഡര്‍ പ്രകാരമാണ് പണം അനുവദിച്ചത്.
18,05,97,600 രൂപയാണ് ഇതിന് അനുവദിച്ചത്. ജില്ലാ വരണാധികാരി കൂടിയായ കലക്ടറുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗ ഹെഡ് ഓഫ് അക്കൗണ്ടേേിലക്കാണ് ഈ തുക അനുവദിച്ചത്. ഇലക്ഷന്‍ കമ്മിഷണറുടെ സെക്രട്ടറി സഞ്ജയ് എം. കൗളാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. അടിയന്തിരമായി ഈ തുക നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ട് . 7200-രൂപയാണ് ഒരോ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും ഇതുപ്രകാരം കൈയ്യില്‍ കിട്ടുക. സംസ്ഥാനത്തെ കാല്‍ലക്ഷമോളം ബൂത്തുകളില്‍ ജോലി ചെയ്ത ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് വേതനം ലഭിക്കുന്നത്.

കടമ്പൂര്‍ വില്ലേജിലെ വിവിധ ബൂത്തുകളില്‍ ജോലി ചെയ്ത ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ദിവസം ഈ പണമെത്തിയിട്ടുണ്ട്. 2021-22 കാലത്തെ ഓണറേറീയം ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് ലഭിക്കാത്തതിനെ കുറിച്ചു മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ ഓണറേറീയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബി. എല്‍. ഒമാര്‍ സ്വന്തം വീടുകളില്‍ തിരുവോണ ദിവസം പട്ടിണിസമരം നടത്തി പ്രതിഷേധിച്ചിരുന്നു.
പ്രതിമാസം അഞ്ഞൂറ് രൂപ നിരക്കില്‍ 7200രൂപയാണ് ബി. എല്‍. ഒമാര്‍ക്ക് വാര്‍ഷിക വരുമാനം. അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരാണ് തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ക്ക് വേതനം നല്‍കാന്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തയ്യാറാവാത്തത് ഏറെ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇവര്‍ നല്‍കിയ നിവേദനത്തിന്റെയും സമരത്തിന്റെയും ഫലമായാണ് ഇപ്പോള്‍ വേതനം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
എന്നാല്‍ തങ്ങളുടെ അധ്വാനത്തിനനുസരിച്ചു പ്രതിഫലം നല്‍കണമെന്നാണ് ബി. എല്‍. ഒമാരുടെ ആവശ്യം. ഇപ്പോള്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. എന്നാല്‍ ഇതിന് വളരെ തുച്ഛമായ വേതനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചു വിവരങ്ങള്‍ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് ഡാറ്റാ ചെലവിലെക്കായി വെറും നൂറുരൂപ മാത്രമാണ് പ്രതിമാസം നല്‍കുന്നത്. ഇതുവര്‍ധിപ്പിച്ചു നല്‍കണമെന്നും നേരത്തെ വാഗ്ദ്ധാനം ചെയ്ത സ്മാര്‍ട്ട്ഫോണ്‍ നല്‍കണമെന്നും ബൂത്ത് ലെവല്‍ ഓഫീസേഴ്സ് അസോ. സംസ്ഥാന പ്രസി. ആവശ്യപ്പെട്ടു.












Click it and Unblock the Notifications