വീരാജ്‌പേട്ടയില്‍ അറസ്റ്റിലായ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ ഇരിട്ടിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി
ഇരിട്ടി: ഇരിട്ടി, കുടക്, മൈസൂരു മേഖലകളില്‍ കടകള്‍, വീട്, ക്ഷേത്രം, മസ്ജിദ്, പള്ളി എന്നിവയിലടക്കം കവര്‍ച്ചയും ബൈക്ക് മോഷണവും പതിവാക്കിയ മലയാളികളായ രണ്ട് മോഷ്ടാക്കളെ വീരാജ്‌പേട്ട പൊലീസില്‍ നിന്നും ഇരിട്ടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഉളിക്കല്‍ മണ്ഡപപ്പറമ്പിലെ ടിഎ സലീം (42), കുടക് സോമവാര്‍പേട്ട ഗാന്ധിനഗറിലെ താമസക്കാരനും മലയാളിയുമായ സഞ്ജു എന്ന സഞ്ജയ് കുമാര്‍ (30) എന്നിവരെയാണ് വീരാജ്‌പേട്ട പൊലീസും ഇരിട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലും കുടക്, മൈസൂര്‍ ജില്ലകളിലുമായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാവുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തയാളാണ് സലീം. കഴിഞ്ഞ ജൂലൈയില്‍ വീരാജ്‌പേട്ടയിലെ നയാര പെട്രോള്‍ പമ്പില്‍ മോഷണം നടത്തി പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും നിരവധി മോഷണങ്ങളില്‍ ഇയാള്‍ പ്രതിയായതെന്ന് വീരാജ്‌പേട്ട പൊലീസ് പറഞ്ഞു.

കഴിഞ്ഞമാസം 10 ന് ഇരിട്ടിമാടത്തില്‍ പൂവ്വത്തിന്‍ കീഴില്‍ ഭഗവതി ക്ഷേത്രം, പെരിങ്കരി പള്ളി, കേളകത്തെ ഒരു മസ്ജിദ്, ഒരു വീട് എന്നിവിടങ്ങളില്‍ മോഷണം നടത്തിയത് ഇവരായിരുന്നു. തുടര്‍ന്ന് 21 ന് ഇരിട്ടി ടൗണിലെ രണ്ട് മൊബൈല്‍ ഷോപ്പുകളുടെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന ഇവര്‍ മൊബൈലുകളും പണവും കവര്‍ന്നശേഷം ഇരിട്ടി സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു മുന്‍വശം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞു.
കുടക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ച് കേസുകളും മൈസൂര്‍ സിറ്റി സ്റ്റേഷനില്‍ രണ്ടു കേസും കണ്ണൂര്‍ ജില്ലയില്‍ നാല് കേസുകളുമാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1,50,000 രൂപ വിലമതിക്കുന്ന മൂന്ന് ഇരുചക്രവാഹനങ്ങളും 9050 രൂപയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സഞ്ജയ് കുമാറിനെ ജയിലില്‍ വെച്ചാണ് സലീം പരിചയപ്പെടുന്നത്. 2011ല്‍ മോഷണക്കേസില്‍ മടിക്കേരി ജയിലില്‍ കഴിയുമ്പോഴായിരുന്നു ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്.
കഴിഞ്ഞ മാസം ഇരിട്ടിയിലെ മൊബൈല്‍ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയശേഷം ബൈക്കും കവര്‍ന്ന് കടന്നുകളഞ്ഞ മോഷ്ടാക്കളെക്കുറിച്ച് ഇരിട്ടി പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു. നിരീക്ഷണ കാമറ പരിശോധിച്ചതില്‍ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇരിട്ടി സിഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള പൊലീസ് കര്‍ണാടകയില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയാണ് ഇരുവരും പിടിയിലായത്.
അന്വേഷണ സംഘത്തില്‍ ഇരിട്ടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിജോയ്, ബിനീഷ്, സുകേഷ്, പ്രവീണ്‍, ആറളം പൊലീസ് സ്റ്റേഷനിലെ ജയദേവന്‍ എന്നിവര്‍ പങ്കെടുത്തു. വീരാജ്‌പേട്ട പൊലിസില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്താണ് പ്രതികളെ പൊലിസ് ഇരിട്ടിയിലെത്തിച്ചത്. ഇവര്‍ മോഷണം നടത്തിയ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയതിനു ശേഷം കോടതിയില്‍ തിരികെ ഹാജരാക്കുമെന്ന് ഇരിട്ടി പൊലിസ് അറിയിച്ചു.












Click it and Unblock the Notifications