പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്‌ദം കവിതയായി; ലിജിന കേരള സർവകലാശാല പാഠ്യപദ്ധതിയിലും
തളിപ്പറമ്പ്: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ശബ്‌ദം തൻ്റെ കവിതകളിലൂടെ ലോകത്തിന് മുൻപിലെത്തിക്കുകയാണ് കണ്ണൂർ ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി. കവിത രചനയിലൂടെ ലോകപ്രശസ്‌തി നേടിയിരിക്കുകയാണ് കടുമേനി സർക്കാരി ആദിവാസിഊരിലെ യുവതിയായ ലിജിന. ആദിവാസി ഊരുമായി ബന്ധപ്പെട്ട ഊരുകളിലെ അനുഭവങ്ങൾ കവിതയാക്കി പുറം ലോകത്തെത്തിച്ച ഈ യുവതിയെഴുതിയ കവിത ഇപ്പോൾ അക്കാദമിക് രംഗത്തും ചർച്ചയായിരിക്കുകയാണ്.
"പട്ടയക്കള്ളാത്ത്" എന്ന കവിത കേരള സർവകലാശാലയുടെ മലയാളം പാഠ്യപദ്ധതിയിൽ ഇടം നേടിയതോടെ ലി ജിനയുടെ കവിത സാഹിത്യലോകത്ത് ചർച്ചയായിരിക്കുകയാണ്. ചെറുപ്പക്കാലം മുതൽ നുറുങ്ങു കവിതകൾ രചിച്ച തുടങ്ങിയ ലിജിനയുടെ ഈ വളർച്ച ആദിവാസി വിഭാഗത്തിന് മാത്രമല്ല മലയോര ഗ്രാമമായ കടുമേനിക്കും ഒരു അഭിമാനമാണ്.ചെറുതും വലുതുമായ ഏകദേശം നൂറിനടുത്ത് കവിതകൾ ലിജിന രചിച്ചിട്ടുണ്ട്. ഇതിൽ ചിലത് ഡിസി ബുക്ക്, ഇൻസൈറ്റ് പബ്ലിക്ക,ബ്രണ്ണൻ പ്രസ്സ് എന്നീ പബ്ലിക്കേഷനുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതുപോലെ ഇംഗ്ലീഷ് , ഹിന്ദി ,തമിഴ് എന്നീ ഭാഷകളിലേക്ക് ലിജിനയുടെ കവിതകൾ തർജ്ജിമ ചെയ്തിട്ടുണ്ട്. ലിജിനയുടെ കവിതകളിലെ "പഴം കുടി കവിതകൾ" തമിഴിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ലിജിനയുടെ 15 ഓളം കവിതകൾ അടങ്ങിയ കവിത സമാഹാരം "മയിലരസു" എന്ന പേരിൽ പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തേർത്തല്ലി വനിത സഹകരണ സംഘം സെക്രട്ടറിയായി ജോലി നോക്കുകയാണ് ഈ കവയിത്രി ഇപ്പോൾ. കടുമേനി സർക്കാരി കോളനിയിലെ കൂലി തൊഴിലാളിയായ കുഞ്ഞുരാമന്റെയും എസ്‌ടി പ്രമോട്ടറായ ലക്ഷ്‌മിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ലിജിന.
എസ്‌ടി പ്രമോട്ടർ ആയ അമ്മ ലക്ഷ്മി ഊരുകൾ സന്ദർശിച്ച് കണ്ട വിവരങ്ങൾ വീട്ടിലെത്തി കുടുംബക്കാരുമായി പങ്കുവെക്കുന്നതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് അധികവും ലിജിന ഗോത്ര ഭാഷയിലും മലയാളം കലർന്ന ഗോത്ര ഭാഷയിലും കവിതകളാക്കി രചിച്ചിട്ടുള്ളതെന്ന് പറയുന്നു.പ്ലസ് ടു പഠനശേഷം മുന്നാട് പീപ്പിൾസ് കോളേജിൽ നിന്നും ജെഡിസി കോഴ്സ് കഴിഞ്ഞ ലിജിനയുടെ ഭർത്താവ് ഷിജൻ പെയിന്റിങ് തൊഴിലാളിയാണ്.
ജീവിതത്തിലെ കഷ്ടപ്പാടുകളിലും വേദനകൾക്കും ഇടയിലൂടെ വളർന്നുവന്ന ഈ കവയിത്രി ഇനിയും വളർന്നു പ്രശസ്തിയുടെ നെറുകയിൽ എത്തട്ടെയെന്നാണ് നാടും നാട്ടുകാരും ആഗ്രഹിക്കുന്നത്. ആദിവാസി ജനത അനുഭവിക്കുന്ന ഒറ്റപ്പെടലും പാർശ്വവൽക്കരിക്കപ്പെടലും നീറുന്ന വാക്കുകളിലൂടെ ആവിഷ്ക്കരിക്കുകയാണ് ലിജിന തൻ്റെ കവിതകളിലൂടെ അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications