'പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പാഠം ഉള്‍ക്കൊളളണം'; പി ജയരാജന്‍
തലശേരി: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ എവിടെയെല്ലാം പോരായ്‌മകള്‍ സംഭവിച്ചിട്ടുണ്ടോയെന്നും അത് സംബന്ധിച്ചു കൃത്യമായി പരിശോധിച്ചു പാഠം ഉള്‍ക്കൊള്ളണമെന്ന് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജന്‍. പികെ കുഞ്ഞനന്തന്റെ ചരമവാര്‍ഷികാചരണം പാനൂര്‍ പാറാട്ട് ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന് വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്. നാം ഉയര്‍ത്തിപ്പിടിച്ചു ശരിയായ നയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്ന പാഠം നാം ഉള്‍ക്കൊളളണം. ചരിത്രത്തെ ശരിയായി വിലയിരുത്തണം. അതില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കണം. എവിടെയെല്ലാം പോരായ്‌മകള്‍ സംഭവിച്ചുവെന്നു കൃത്യമായി പരിശോധിച്ചു മുന്‍പോട്ടു പോകണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ എന്‍ അനില്‍കുമാര്‍ അധ്യക്ഷനായി, നേതാക്കളായ പി ഹരീന്ദ്രന്‍, കെഇ കുഞ്ഞബ്ദുളള, കെകെ പവിത്രന്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ടിപി വധക്കേസില്‍ പ്രതിയായി ഗൂഡാലോചന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ നാലാം ചരമവാര്‍ഷികദിനാചരണമാണ് പാനൂരിലെ പാറാട്ട് നടന്നത്. ശിക്ഷാ തടവുകാരനായിരിക്കെ ചികിത്‌സയ്ക്കിടെയാണ് പികെ കുഞ്ഞനന്തന്‍ മരണമടഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന് കാരണം സംസ്ഥാന സര്‍ക്കാരിനെതിരെയുളള ഭരണവിരുദ്ധ വികാരമല്ലെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് പാര്‍ട്ടിക്ക് വീഴ്ച്ചയുണ്ടായെന്ന് പി ജയരാജന്‍ തുറന്നു പറയുന്നത്.
ഇതു വരും ദിനങ്ങളില്‍ സിപിഎമ്മില്‍ ചര്‍ച്ചയായേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയെ തുടര്‍ന്ന് കേരളത്തില്‍ ബിജെപിക്ക് വോട്ടുകൂടിയത് ആശങ്കാജനകമാണെന്ന് പി ജയരാജന്‍ പ്രതികരിച്ചിരുന്നു. ഇതിനു ശേഷമാണ് പാര്‍ട്ടിയുടെ തോല്‍വിയെപ്പറ്റി പരസ്യമായി പ്രതികരിച്ചു കൊണ്ടു ജയരാജന്‍ രംഗത്തു വന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്റെ തളിപറമ്പ് മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന് ഗണ്യമായി വോട്ടുകുറഞ്ഞിരുന്നു.
ഇതിന്റെ പരിശോധന പാര്‍ട്ടി നടത്തിവരുന്നതിനിടെയാണ് പി ജയരാജന്‍ തുറന്ന പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജനും ബിജെപിക്ക് സിപിഎം കേന്ദ്രങ്ങളില്‍ വോട്ടുകൂടിയത് പ്രത്യേക പ്രതിഭാസമാണെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications