പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡിലെ ശുചിമുറിയില്‍ അണലിയെ കണ്ടെത്തി
തളിപറമ്പ്: പാമ്പുകളെ കൊണ്ടു പൊറുതിമുട്ടി പരിയാരം മെഡിക്കല്‍ കോളേജ്. കുട്ടികളുടെ വാര്‍ഡില്‍ ഉള്‍പ്പെടെ വിഷപാമ്പുകള്‍ വിഹരിക്കുകയാണ്. ഏറ്റവും ഒടുവില്‍ വ്യാഴാഴ്ച 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയില്‍ ഉഗ്രവിഷമുള്ള അണലിയെ കണ്ടെത്തിയത് രോഗികളിലും കൂട്ടിരിപ്പുകാരിലും ഭീതി പരത്തി.
രോഗി രാവിലെ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ശുചിമുറി തുറന്നപ്പോഴാണ് വലിയ അണലിയെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നതിനാല്‍ അപകടം ഒഴിവായി. സെപ്തംബര്‍ 19 ന് നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്നും പുറത്തേക്ക് വന്ന വെള്ളിക്കെട്ടനെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കാന്നിരുന്നു. നേരത്തെ കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ടെത്തിയ കാട്ടുപാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു.

ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറുന്നത് എന്നാണ് രോഗികളുടെ പരാതി. മെഡിക്കല്‍ കോളേജിനകത്ത് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൈപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി ഇപ്പോള്‍ നടന്നുവരികയാണ്. മാസങ്ങളായി പുറത്ത് കൂട്ടിയിട്ട പൈപ്പുകളില്‍ കയറിക്കൂടുന്ന പാമ്പുകളാണ് ഭീഷണിയായിരിക്കുന്നതെന്നാണ് രോഗികളും ജീവനക്കാരും പറയുന്നത്.
മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പാമ്പുകടിയേല്‍ക്കുന്നത് മുന്‍പും പതിവാണെങ്കിലും വിഷമില്ലാത്ത പാമ്പുകളായതിനാല്‍ ആരും ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍ മൂന്നാഴ്ച്ച മുന്‍പ് മൂന്നാം നിലയിലെ കുട്ടികളുടെ വാര്‍ഡിനരികെ പാമ്പിനെ കണ്ടെത്തിയതോടെയാണ് സംഭവം ഗൗരവകരമായത്. ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നുവെങ്കിലും അധികൃതര്‍ പേരിന് മാത്രം നടപടി സ്വീകരിച്ച് അന്വേഷണം മതിയാക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് കോംപൗണ്ടിലെ കാടുകള്‍ വെട്ടി തെളിച്ചു വൃത്തിയാക്കിയാല്‍ ഇഴജന്തുക്കളുടെയും കുറുനരികളുടെയും ശല്യം ഒഴിവാക്കാന്‍ കഴിയുമെന്നാണ് ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും പറയുന്നത്. വിഷപാമ്പുകളുടെ ശല്യം കാരണം മെഡിക്കല്‍ കോളേജ് കാംപൗണ്ടില്‍ നിര്‍ത്തിയിടുന്ന ആംബുലന്‍സിലെ ഡ്രൈവര്‍മാരും ഭീതിയിലാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി സാധാരണക്കാരും നിര്‍ധനരുമായ നൂറുകണക്കിനാളുകളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.












Click it and Unblock the Notifications