മദ്യലഹരിയില്‍ പൊലീസിനെയും നാട്ടുകാരേയും ആക്രമിച്ച യുവതി ഒടുവില്‍ റിമാന്‍ഡില്‍
കണ്ണൂര്‍: മദ്യപിച്ച് ലക്കുകെട്ട് നഗരമധ്യത്തില്‍ രണ്ട് മണിക്കൂര്‍ അഴിഞ്ഞാടുകയും പൊലിസിനെ ഉള്‍പ്പെടെ പത്തോളം പേരെ അക്രമിക്കുകയും ചെയ്ത വടക്കുമ്പാട് കുളി ബസറിലെ കല്യാണം വീട്ടില്‍ റസീനയെ (32) പൊലീസ് അറസ്റ്റു ചെയ്തു തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു.
ക്രിസ്തുമസ് ദിവസം രാത്രി പതിനൊന്നര മണിയോടെ തന്റെ കാറില്‍ തലശേരി കീഴന്തി മുക്കിലെത്തിയ റസീന ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി ടൗണ്‍ എസ്‌ഐ വിവി ദീപ്തിയുടെ നേതൃത്വത്തില്‍ ഇവരെ മല്‍പ്പിടിത്തം നടത്തിയാണ് കീഴടക്കിയത്. ഇതിനെ തുടര്‍ന്നാണ് പൊലിസിനെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, ഗതാഗതം തടസപ്പെടുത്തല്‍, യാത്രക്കാരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവരെ അറസ്റ്റു ചെയ്തത്.

ഏറെ തിരക്കേറിയ കീഴന്തി മുക്കില്‍ കാറുമായി എത്തിയ റസീന കൂടെയുണ്ടായിരുന്ന യുവാവിനെ ആക്രമിച്ചതോടെയാണ് തുടക്കം. ഇതു ചോദ്യം ചെയ്ത വ്യാപാരിയെ റസിന ഓടിച്ചിട്ട് അടിച്ചു. പിന്നെ വഴിയില്‍ കാണുന്നവരെയെല്ലാം അസഭ്യം പറയുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. ഒന്‍പതു പുരുഷന്‍മാര്‍ക്കാണ് റസീനയുടെ മര്‍ദ്ദനമേറ്റത്. ഇതോടെ മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്കു മുന്‍പിലുടെയുള്ള റോഡ് ഗതാഗതം സ്തംഭിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുരുഷ പൊലിസുകാരെയും റസീന വെറുതെ വിട്ടില്ല. ഒടുവില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ വിവി ദീപ്തിയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. എസ്‌ഐയെ തട്ടിയകറ്റുകയും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്ത ഇവരെ സാഹസികമായാണ് കീഴടക്കിയത്. തലശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും മദ്യപിച്ചു ലക്കുകെട്ട് പൊതുജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന റസീനയെ ആദ്യമായാണ് കോടതി റിമാന്‍ഡ് ചെയ്യുന്നത്.
സാധാരണ ഇവര്‍ നഗരത്തിലും ആശുപത്രികളിലും പരാക്രമങ്ങള്‍ നടത്തുമ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കാറുണ്ടെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാറാണ് പതിവ്. റസീനയുടെ അതിക്രമങ്ങളും ജാമ്യത്തിലിറങ്ങലും പതിവ് സംഭവമാകുന്നത് പൊലിസിനെതിരെ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. മാഹിയിലെ പള്ളുരിലും കീഴന്തി മുക്കിലും ഇതിനു സമാനമായ പ്രകടനം റസീന നടത്തിയിരുന്നു.












Click it and Unblock the Notifications