ഫുട്ബോള്‍ കളിച്ചു മടങ്ങുകയായിരുന്ന യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍: ഫുട്ബോള്‍ കളിക്കാരായ രണ്ടു യുവാക്കളുടെ അപ്രതീക്ഷിത വിയോഗത്തില്‍ കണ്ണീരണിഞ്ഞ് പാപ്പിനിശേരി. ജീവിതത്തിന്റെ കളത്തില്‍ നിന്നും നിറയൗവ്വനത്തില്‍ മരണത്തിന്റെ വിസില്‍ മുഴങ്ങിയപ്പോള്‍ മടങ്ങിയ റിഷാദിനും സമദിനും വിട നല്‍കാനാവാതെ വിതുമ്പുകയായിരുന്നു പാപ്പിനിശേരി ഗ്രാമം.
തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് മേലെചൊവ്വ നന്ദിലത്ത് ജി മാര്‍ട്ടിനു മുന്‍പിലെ ദേശീയപാതയില്‍ വെച്ചു ഡിവൈഡറിലിടിച്ചു മറിഞ്ഞ ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവാക്കള്‍ ചരക്കുലോറി കയറിയിറങ്ങി മരിച്ചത്. പാപ്പിനിശേരി പഴഞ്ചിറ കോലത്തുവയലില്‍ സുന്നി പളളിക്കടുത്തെ കെപി റിഷാദ് (29 ), പാപ്പിനിശേരി റെയില്‍വെ ഗേറ്റിനടുത്തെ ലിജ്മയില്‍ വി.പി അബ്ദുല്‍ സമദ്(22) എന്നിവരാണ് മരിച്ചത്.

ഫുട്ബോളില്‍ ഭ്രമമുണ്ടായിരുന്ന ഇരുവരും സിന്തറ്റിക് ടര്‍ഫില്‍ കളികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം ചരക്കുലോറിയുടെ രൂപത്തിലെത്തി ജീവന്‍ കവര്‍ന്നത്. അതീവഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരും പൊലിസും ചേര്‍ന്ന് ഉടന്‍ ലോറിക്കടിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.
പാപ്പിനിശേരിയിലെ കലാകായിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന ഇരുവരും നാടിനും നാട്ടുകാര്‍ക്കും പ്രീയങ്കരരായിരുന്നു. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ച ബൈക്കും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു പൊതുദര്‍ശനത്തിന് വെച്ച ശേഷം ചൊവ്വാഴ്ച്ച ഉച്ചയോടെ സംസ്‌കരിച്ചു. നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനായെത്തി.
കോലത്തുവയലല്‍ റോഡിലെ ഗ്യാസ് സിലിന്‍ഡര്‍ വിതരണ തൊഴിലാളി മുസ്തഫയുടെയും സമീനയുടെയും മകനാണ് സമദ്. കോഴിക്കോട് നന്തി ദാറുസലാം അറബിക് കോളേജ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: നാസിം.കോലത്തുവയല്‍ റോഡിലെ അബ്ദുളള- അഫ്സത്ത് ദമ്പതികളുടെ മകനാണ് റിഷാദ്. ഓണ്‍ലൈന്‍ വ്യാപരരംഗത്ത് ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങള്‍: ഫസീല, അഫ്സിദ്, അല്‍ത്താഫ്.












Click it and Unblock the Notifications