കരിവെള്ളുരില്‍ കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ വീട്ടിലുള്ള സാധന സാമഗ്രികള്‍ തകര്‍ത്തു
കണ്ണൂര്‍: കരിവെള്ളൂരില്‍ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ വന്‍ നാശനഷ്ടം വരുത്തി. വീട് കുത്തി തുറന്ന് വിലപിടിപ്പുള്ള മുന്‍വശത്തെ വാതിലും ഇരുനില വീടിന്റെ മുറികളിലെ ഏഴ് അലമാരകളും കുത്തിത്തുറന്ന മോഷ്ടാവ് സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട് നശിപ്പിച്ചു ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ദേശീയപാതയില്‍ കരിവെള്ളൂര്‍ ആണൂര്‍ ഗാലക്സി ഓഡിറ്റോറിയത്തിന് സമീപത്തെ റിട്ട. കാംകോ ജീവനക്കാരന്‍ പി.വി. മുരളീധരന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമവും അതിക്രമവും നടത്തിയത്. ബുധനാഴ്ച്ച പുലര്‍ച്ചെ 6.15 മണിയോടെയാണ് സംഭവം കണ്ടത്. മുരളീധരന്റെ ഭാര്യ ഗള്‍ഫിലുള്ള മകന്റെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് ചൊവ്വാഴ്ച രാത്രി വീടുപൂട്ടി ഭാര്യാ സഹോദരിയുടെ ഏച്ചിക്കൊവ്വല്‍ക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് മുരളീധരന്‍ പോയതായിരുന്നു. ബുധനാഴ്ച്ച രാവിലെ 6.15 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്. ഗേറ്റ് പൂട്ടിയ നിലയില്‍ത്തന്നെയായിരുന്നു. അതിനാല്‍ മതില്‍ ചാടിക്കടന്നാണ് മോഷ്ടാക്കള്‍ അകത്തേക്ക് പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രണ്ടുനില വീടിന്റെ മുറികളിലെ ഏഴ് അലമാരകള്‍ കുത്തിത്തുറന്നു നശിപ്പിച്ച് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരകളിലുണ്ടായിരുന്ന റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ മോഷ്ടാക്കള്‍ പരിശോധിച്ച് അവിടെ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. അലമാരകളെല്ലാം തകര്‍ത്ത നിലയില്‍ ഉപയോഗശൂന്യമായിരിക്കുകയാണ്. വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്റെ മോഡം തകര്‍ത്ത നിലയിലാണ്. മോഷ്ടാക്കള്‍ രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ട്.
സമാനമായ രീതിയില്‍ കഴിഞ്ഞ ബുധനാഴ്ച വെള്ളൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ സി.രാധയുടെ വീട്ടിലും മോഷണ ശ്രമമുണ്ടായിരുന്നു.മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന മോഷ്ടാവ്മുറികളിലെ അലമാരകുത്തിപ്പൊളിച്ച് സാധന സാമഗ്രികള്‍ വാരിവലിച്ചിട്ടു വീട്ടിലെ സിസിടിവിയുടെ ക്യാമറയും ഹാര്‍ഡ് ഡിസ്‌ക്കുള്‍പ്പെടെ മോഷ്ടാക്കള്‍ കടത്തി കൊണ്ടുപോവുകയായിരുന്നു. മഴക്കാലം തുടങ്ങിയതു മുതല്‍ ചെറുതും വലുതുമായ മോഷണങ്ങളുടെ പരമ്പരയാണ് കരിവെള്ളൂരില്‍ നടന്നു വരുന്നത്.
മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പയ്യന്നൂര്‍ ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.












Click it and Unblock the Notifications