തെക്കി ബസാര്‍ മേല്‍പ്പാലം; വ്യാപാരികള്‍ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്
കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ ശ്രീപുരം മുതല്‍ ചേംബര്‍ ഹാള്‍ വരെ നിര്‍മിക്കുന്ന തെക്കി ബസാര്‍ മേല്‍പ്പാലത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പിന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം നല്‍കി ഒഴിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും പ്രതികൂലവിധി.

സ്ഥലമേറ്റെടുക്കല്‍ നടപടി നിയമ വ്യവസ്ഥകള്‍ പാലിക്കാതെയും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയുമാണെന്ന് കാണിച്ചാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. തെക്കിബസാറിലെ വ്യാപാരികളായ ലാവണ്യ ആല്‍ബി, രാജീവന്‍ എ, ഉവൈസ് സത്താര്‍ വി പി എന്നിവരും ഭൂവുടമയായ വി പി കുഞ്ഞാമിനയും സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ പ്രാഥമികവാദം കേട്ട ജസ്റ്റിസ് ടി ആര്‍ രവി ഹരജിക്കാരുടെ സ്ഥാപനങ്ങള്‍ക്ക് തല്‍സ്ഥിതി തുടരാന്‍ അനുവദിച്ച് ഉത്തരവായി. കേസ് ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.
തെക്കീബസാര്‍ മേല്‍പാലത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പിനുള്ള വിജ്ഞാപനത്തിന് മുന്‍പായി നടത്തേണ്ട സാമൂഹികാഘാത പഠനം നിയമ വ്യവസ്ഥകള്‍ പാലിച്ച് നടന്നിട്ടില്ലെന്ന് ഹരജിക്കാര്‍ ആരോപിച്ചു. തെക്കി ബസാര്‍ മേല്‍പാലത്തിന് പകരമായി തളാപ്പ് സുന്ദരേശ്വര ക്ഷേത്രം റോഡിന്റെയും, പാമ്പന്‍ മാധവന്‍ റോഡിന്റെയും ദേശീയ പാതയുടെയും സമീപ റോഡുകളുടെയും വശങ്ങളില്‍ ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ടൗണ്‍ പ്ലാനിങ്ങ് വിഭാഗം പ്രസിദ്ധപ്പെടുത്തുകയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്ത സ്ഥലം ഏറ്റെടുക്കണം. തെക്കി ബസാറില്‍ നിന്ന് കക്കാട് റോഡ് വഴി കണ്ണൊത്തുംചാല്‍ വരെയുള്ള റോഡ് വികസിപ്പിക്കുകയും വേണം. ഇങ്ങനെ ചെയ്താല്‍ മാത്രം മതിയെന്നിരിക്കെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ ഇതിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലെന്ന് ഹരജികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച് അംഗീകരിക്കേണ്ട വിദ്ഗദ്ധ സമിതിയില്‍ പദ്ധതി പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം നോമിനേറ്റ് ചെയ്യുന്ന രണ്ട് പ്രതിനിധികള്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ അത്തരം ഒരു സമിതിയുടെ രൂപീകരണം സംബന്ധിച്ച് കണ്ണൂര്‍ കോര്‍പറേഷന് ഇതുവരെയും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. തെക്കി ബസാര്‍ മേല്‍പ്പാലത്തിന് പകരമായി പള്ളിക്കുന്ന് വനിതാ കോളജ് പരിസരം മുതല്‍ കണ്ണോത്തുംചാല്‍ വരെ ദേശീയപാത വികസിപ്പിക്കണമെന്നുള്ള കോര്‍പറേഷന്‍ പ്രമേയം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഹരജിക്കാര്‍ ആരോപിച്ചു.
തെക്കി ബസാര്‍ മേല്‍പ്പാലത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ സ്ഥലമെടുപ്പ് സംബന്ധിച്ച് പാലിക്കേണ്ട നിയമ വ്യവസ്ഥകള്‍ ലംഘിക്കുകയുമാണെന്ന് ആരോപിച്ച് തെക്കി ബസാറിലെ കെ വി ആതിര നല്‍കിയ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നാണ് കണ്ണൂര്‍ നഗരത്തിലെ കുരുക്കഴിക്കുന്നതിനുള്ള തെക്കിബസാര്‍ മേല്‍പ്പാലം. ഇതിനെതിരെ വ്യാപാരികളും നാട്ടുകാരും രംഗത്തുവന്നുവെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്‍പോട്ടുപോവുകയായിരുന്നു. നിര്‍ദ്ദിഷ്ട ദേശീയപാത വരുന്ന സാഹചര്യത്തില്‍ പുതിയ മേല്‍പ്പാലം നിര്‍മാണം അപ്രസക്തമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.












Click it and Unblock the Notifications