• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ്ങ് സ്മാർട്ട് ഗേറ്റ് പ്രവർത്തനം തുടങ്ങി!!

  • By Desk

കണ്ണൂര്‍: ഇന്ത്യയിലെ ആദ്യത്തെ തെര്‍മല്‍ സ്‌ക്രീനിങ് സ്മാര്‍ട്ട് ഗേറ്റ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങി. കെ സുധാകരന്‍ എംപി മുന്‍കൈയ്യെടുത്താണ് തെര്‍മല്‍ സ്‌ക്രീനിങ് സ്മാര്‍ട്ട് ഗേറ്റ് സംവിധാനം എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് കേരള സര്‍ക്കാരിനുണ്ടാക്കുന്ന ആശയക്കുഴപ്പവും മറ്റ് വെല്ലുവിളികളും ഉയര്‍ത്തുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ സംവിധാനം.

കനാലുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടി: മുന്നറിയിപ്പുമായി എറണാകുളം കളക്ടർ

വിദേശരാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ശരീര താപനില പരിശോധിക്കാന്‍ ഉപയോഗിക്കുന്ന അത്യാധുനിക തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനമാണിത്. ഇന്റര്‍നാഷണല്‍ ടെര്‍മിനലിലും, ഡൊമസ്റ്റിക് ടെർമിനലിലും യാത്രക്കാര്‍ക്കുള്ള സ്മാര്‍ട്ട് ഗേറ്റ് തെര്‍മല്‍ സ്‌ക്രീനിങ് സിസ്റ്റം സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ എയര്‍പോര്‍ട്ടിനകത്തു പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും മറ്റ് ആളുകളെയും പരിശോധിക്കുന്നതിനുള്ള ഓട്ടോമേറ്റിക്ക് തെര്‍മല്‍ ചെക്കിങ് സിസ്റ്റം കൂടി ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ആകെ നാല് തെര്‍മല്‍ സ്‌ക്രീനിങ് യൂണിറ്റാണ് കെ സുധാകരന്‍ എം പി മുന്‍കൈയ്യെടുത്ത് എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചിട്ടുള്ളത്.

ഒരു സമയം തന്നെ പത്തില്‍ കൂടുതല്‍ ആളുകളുടെ ശരീര ഊഷ്മാവ് തിരിച്ചറിയാന്‍ സാധിക്കുന്ന ഈ ഹൈടെക് ഉപകരണം ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ്. യാത്രക്കാര്‍ താപനില പരിശോധന നടത്താന്‍ വേണ്ടി ക്യൂ നില്‍ക്കുന്നത് ഇത്തരം ആധുനിക ഉപകരണമുള്ളത് മൂലം ഒഴിവാക്കുവാനും കൂടുതല്‍ വേഗത്തില്‍ യാത്രക്കാരുടെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കുവാനും സഹായിക്കും. ടെര്‍മിനലില്‍ നിന്ന് ഇറങ്ങി എമിഗ്രേഷന്‍ കൗണ്ടറിലക്ക് നടന്നുപോകുന്ന വഴിയില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സ്മാര്‍ട്ട് ഗെയ്റ്റ് സ്ഥാപിക്കുന്നത് മൂലം ഗെയ്റ്റിലൂടെ യാത്രക്കാര്‍ കടന്നുപോകുമ്പോള്‍ തെര്‍മല്‍ ക്യാമറ ശരീര ഊഷ്മാവ് രേഖപെടുത്തുകയും, മറ്റൊരു ഡിജിറ്റല്‍ ക്യാമറ യാത്രക്കാരന്റ പൂര്‍ണ്ണമായ വിവരത്തോടു കൂടിയ ചിത്രം രേഖപ്പെടുത്തുകയും ചെയ്യും.

ലഭ്യമാകുന്ന രണ്ട് തരം ഇമേജുകളും അടുത്ത് സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ തത്സമയം കാണുവാന്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഏതെങ്കിലും യാത്രക്കാര്‍ക്ക് നിയന്ത്രിത താപനിലയില്‍ കൂടുതല്‍ താപനില ആണെങ്കില്‍ തെര്‍മല്‍ ഇമേജ് വഴിയും അലാറം വഴിയും എയര്‍പോര്‍ട്ട് ജീവനക്കാർക്ക് വിവരങ്ങള്‍ കൈമാറും. ഇതുമൂലം പ്രസ്തുുത യാത്രക്കാരനെ കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് വേണ്ടി മാറ്റിനിര്‍ത്താനും സഹായിക്കുന്നു. എയര്‍പോര്‍ട്ടുകളില്‍ ഇത്തരം മികച്ച ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കൊണ്ടുള്ള മികച്ച സവിശേഷത ശരീര താപനില നിയന്ത്രിത ലെവലില്‍ നിന്ന് കുറവാണെങ്കിലും സ്‌കാനിങ് മെഷീന്‍ അത് റെക്കോര്‍ഡ് ചെയ്യുകയും, തൊട്ടടുത്തായി സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീന്‍ വഴി താപനില തത്സമയം ലഭ്യമാക്കുകയും ചെയ്യും എന്നുള്ളതാണ്.

എയര്‍പോര്‍ട്ടുകളില്‍ ചില യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിനു മുന്‍പ് മരുന്നുകള്‍ ഉപയോഗിച്ച് ശരീര താപനിലയില്‍ വ്യതിയാനം വരുത്തി പോകുന്നത് പലപ്പോഴും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ കണ്ടെത്താനും നിയന്ത്രിക്കാനും ഏറെ ഫലപ്രദമാണ് ഈ ഉപകരണം. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് വ്യക്തികളുടെ സമീപത്ത് പോകാതെ തന്നെ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ദൂരത്തില്‍ നിന്നുകൊണ്ട് താപനില പരിശോധന പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഈ ഉപകരണത്തിന്റെ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത് കൊണ്ട് പരിശോധനാ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധി സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഉപകാരപ്പെടുകയും ചെയ്യും.

കൂടാതെ യാത്രക്കാരന്റ ഫോട്ടോയും, രേഖപ്പെടുത്തിയ താപനിലയും ഉപകരണത്തില്‍ തന്നെ സ്ഥിരമായി സൂക്ഷിക്കുകയും, യാത്രക്കാരന്‍ കടന്നു പോയി ദിവസങ്ങള്‍ക്കു ശേഷവും എന്തെങ്കിലും സംശയം തോന്നിയാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കോ ആരോഗ്യവകുപ്പിനോ വീണ്ടും യാത്രകാരന്റ വിവരങ്ങള്‍ പരിശോധിക്കാനുള്ള അവസരവും സാധ്യമാവും. ഇതില്‍ ഉപയോഗിക്കുന്ന തെര്‍മല്‍ സ്‌ക്രീനിങ് ടെക്‌നോളജി ശരീര താപനില വ്യതിയാനം 99 .97 ശതമാനം കൃത്യതയോട് കൂടി കണ്ടെത്താന്‍ സഹായിക്കുന്നതോടൊപ്പം, അന്തരീക്ഷ ഊഷ്മാവില്‍ വരുന്ന താപനില വ്യതിയാനങ്ങള്‍ പരിശോധനയില്‍ പ്രശ്നം സൃഷ്ടികാതെ കൃത്യമായി തന്നെ യാത്രക്കാരന്റ ശരീര താപനില മാത്രം രേഖപ്പെടുത്തുകയും ചെയ്യും.

പ്രവാസികളുടെ കണ്ണൂരിലേക്കുള്ള മടങ്ങിവരവ് കൊവിഡിന്റെ പേരില്‍ ആശങ്കയിലായപ്പോള്‍ ഇത് പരിഹരിക്കാനും തെര്‍മല്‍ സ്‌കാനിങ് മെഷീന്റെ ലഭ്യതയും, ഉപകരണത്തിന് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിലുള്ള വിപണിയിലെ വിലയും അന്വേഷിക്കുകയും ഏത് മാര്‍ഗ്ഗത്തിലും ഉപകരണം ലഭ്യമാക്കാന്‍ കെ. സുധാകരന്‍ എംപി നടത്തിയ പരിശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടിട്ടുള്ളത്. എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ എം പി ഫണ്ട് നിര്‍ത്തലാക്കിയപ്പോള്‍ സാധ്യമാകുന്ന മറ്റ് വഴികളിലേക്ക് പരിശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ നന്ദകുമാറുമായി എംപി സംസാരിക്കുകയും എയര്‍പോര്‍ട്ടില്‍ തെര്‍മല്‍ സ്‌കാനിങ് മെഷീന്‍ സ്ഥാപിക്കാനുള്ള സാമ്പത്തിക സഹായം മണപ്പുറം ഗ്രൂപ്പ് ഉറപ്പ് നല്‍കുകയും ചെയ്തതോടെ ആദ്യഘട്ട വെല്ലുവിളി പരിഹരിച്ചു. ഉപകരണത്തിന്റ ലഭ്യതയുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ യു.കെയിലും, ചൈനയിലും ഉപകരണം ലഭ്യമായതായി കണ്ടെത്തി. എച്ച് വണ്‍എന്‍വണ്‍ വൈറസ് വ്യാപനമുണ്ടായ സമയം മുതല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ തെര്‍മല്‍ സ്‌കാനിംഗ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.

മാറിയ കാലാവസ്ഥയില്‍ എയര്‍പോര്‍ട്ട് പോലുള്ള സ്ഥലങ്ങളില്‍ സ്ഥിരം താപനില പരിശോധന സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഭാവിയിലേക്കും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് വലിയ മുതല്‍ക്കൂട്ടായിരിക്കും ഇത്തരം ഉപകരണങ്ങള്‍. കെ. സുധാകരന്‍ എം.പിയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ കടമ്പൂര്‍ സ്വദേശിയും ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ കണ്‍സല്‍ട്ടന്റുമായ ബിജേഷ് മുതിരക്കല്‍, സെക്യൂറി കോര്‍പ്പ് എന്ന യു.കെ കമ്പനിയുമായി ബന്ധപ്പെട്ട് ഉപകാരണത്തിന്റ ലഭ്യത ഉറപ്പാക്കുകയും അതിവേഗം കണ്ണൂരിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

കണ്ണൂര്‍ എംപി ഓഫീസും പിഐ ഇന്ത്യാ നാഷണല്‍ കോഡിനേറ്ററും കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ കണ്‍വീനറുമായ അനില്‍ ആന്റണിയുമായുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് സെക്യൂരി കോര്‍പ്പെന്ന കമ്പനിയെ ബന്ധപ്പെട്ട് ഉപകരണത്തിന്റെ ലഭ്യതയെ കുറിച്ച് അന്വേഷിക്കുകയും കണ്ണൂരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തത്. ലോകം മുഴുവന്‍ കൊറോണ കാരണം യാത്രാ സാഹചര്യങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ലണ്ടനില്‍ നിന്ന് ദുബായിലേക്ക് സെക്യൂരി കോര്‍പ്പ് കമ്പനി ഡിഎച്ച്എല്‍ കൊറിയര്‍ കമ്പനി വഴി ഉപകരണം ദുബായില്‍ എത്തിക്കുകയും വിഎന്‍എസ് ടെക്‌നോളജി ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ കമ്പിലിന്റ സഹായത്തോടെയും ദുബായ് കൗണ്‍സില്‍ ജനറല്‍ വിപുലിന്റെ നേതൃത്വത്തിലും ദുബായില്‍ നിന്ന് ഉപകാരണത്തിന്റെ മറ്റു സാങ്കേതികപരമായ സംയോജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് നേരിട്ട പ്രധാന വെല്ലുവിളി ഒരു രാജ്യത്തു നിന്നും ഇന്ത്യയിലേക്കു ലോജിസ്റ്റിക്ക് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതായിരുന്നു. എംപി എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്ന് കണ്ണൂരിലേക്കു യാത്രാവിമാനം വഴി ഉപകരണം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചത്. ഉപകരണം നല്കിയ കമ്പനി ടീമിന് യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍ സെക്യൂരി കോര്‍പ്പ് കമ്പനി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ നെക്‌സബ ഹെല്‍ത്ത് കെയറിലെ സാങ്കതിക വിദഗ്ധരുടെ സഹായത്തോടെയാണ് തെര്‍മല്‍ സ്‌കാനിംഗ് സംവിധാനം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനക്ഷമമാക്കിയത്. പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് തെര്‍മല്‍ സ്‌കാനിങ് യൂണിറ്റ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളോടും എംപി നന്ദി അറിയിച്ചു.

English summary
Thermal Screening smart gate launches in Kial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more