കുടകിലേക്ക് മാക്കൂട്ടം വഴി പോകുന്നവര്‍ ജാഗ്രതൈ, മാലിന്യം തളളിയാൽ പണികിട്ടും, മാക്കൂട്ടത്ത് കർശന പരിശോധന

ഇരിട്ടി:വിനോദസഞ്ചാരികള്‍ പ്‌ളാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ തളളി വന്യജീവികളുടെ ജീവന് ഭീഷണിയാകുന്നത് തടയുന്നതിനായി പശ്ചിമഘട്ടം മലനിരകളിലെ പ്രധാന ജൈവകകേന്ദ്രങ്ങളിലൊന്നായ മാക്കൂട്ടത്ത് കര്‍ണാടക വനംവകുപ്പ് പരിശോധന ശക്തമാക്കി.
മാക്കൂട്ടം ചുരം പാതയിലെ റോഡരികിലും വനത്തിലും മാലിന്യം തളളുന്നതിനെതിരെ കര്‍ണാടക വനം വകുപ്പ് നടപടി കര്‍ശനമാക്കിയതോടെ ആറ് ദിവസത്തിനുള്ളില്‍ കുടുങ്ങിയത് ആറ് വാഹനങ്ങളാണ്. ഇതില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് ജയിലിടച്ചു. തലശ്ശേരി - കുടക് അന്തര്‍ സംസ്ഥാനപാതയുടെ ഭാഗമായ മാക്കൂട്ടം ചുരത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതം പരിധിയില്‍ മാലിന്യം കൊണ്ടുവന്ന തള്ളിയതിന് രണ്ട് ലോറി, ഒരു മിനി ലോറി, രണ്ട് പിക്കപ്പ് ജീപ്പ്, ഒരു കാര്‍ എന്നിവയാണ് പിടികൂടിയത്. ഇവരില്‍ നിന്നും 38,000 രൂപ പിഴ അടപ്പിച്ചു.
ആദ്യദിവസം കസ്റ്റഡിയിലെടുത്ത ആന്ധ്രപ്രദേശ് രജിസ്ട്രേഷന്‍ ലോറിയിലെ രണ്ട് ജീവനക്കാര്‍ ആറുദിവസമായി മടിക്കേരി ജയിലിലാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്താണ് ഇവരെ കോടതിയില്‍ ഹാജരാക്കി റിമൈന്‍ഡ് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിടിയിലായ മറ്റു വാഹനങ്ങളിലെ ജീവനക്കാര്‍ ജയിലില്‍ പോകുന്ന തൊഴിവാക്കാന്‍ വനമേഖല ഉള്‍ക്കൊള്ളുന്ന ബെട്ടോളി പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി പിഴ അടപ്പിക്കുകയാണ് ചെയ്തത്. ആദ്യത്തെ തവണ താക്കീതെന്ന നിലയില്‍ ചെറിയ പിഴയടപ്പിച്ചു വാഹനങ്ങള്‍ വിട്ടയച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതുകൊണ്ടൊന്നും കാര്യമില്ലെന്നു വ്യക്തമായതോടെയാണ് കടുത്ത നടപടികളിലേക്ക് കര്‍ണാടക വനംവകുപ്പ് തുനിഞ്ഞത്.
ഇനിയുള്ള ദിവസങ്ങളില്‍ മാലിന്യം തളളുന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം തന്നെ കേസെടുക്കുമെന്ന് മാക്കൂട്ടം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. രണ്ടര വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. വന്യജീവി സങ്കേതത്തില്‍ വന്യജീവികള്‍ക്ക് ആപത്ത് ഉണ്ടാക്കും വിധം മാലിന്യം വിക്ഷേപിക്കുന്നതിന് എതിരെയാണ് ഈ നിയമം. അന്തര്‍സംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം ചുരത്തില്‍ കേരളത്തില്‍ നിന്നും ലോഡ് ഇറക്കി പോകുന്ന വാഹനങ്ങളാണ് മടങ്ങിവരുമ്പോള്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലോഡ് ഇറക്കുമ്‌ബോള്‍ അത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാലിന്യ മാഫിയ സംഘങ്ങള്‍ തുച്ഛമായ പണം നല്‍കി ചുരം പാതയിലെ ആളില്ലാത്ത സ്ഥലം നോക്കി തള്ളുന്നതിനായി കൊടുത്ത് വിടുകയാണ് ചെയ്യുന്നത്. കഴഞ്ഞ 31ന് ആദ്യം പിടിയിലായ ആന്ധ്രപ്രദേശ് രജിസ്ട്രേഷന്‍ ലോറി ജീവനക്കാര്‍ക്ക് ചാക്കുകളില്‍ ആക്കിയ മാലിന്യങ്ങള്‍ക്കൊപ്പം വെറും 100 രൂപയാണ് നല്‍കിയത്. ഇതുവരെ പിടിയിലായ വാഹനങ്ങളുടെ ജീവനക്കാരെല്ലാം ഇ വിധത്തിലുള്ള മൊഴികളാണ് നല്‍കിയത്. നടപടി ശക്തമായി തുടരുമെന്നും അടുത്ത ഘട്ടത്തില്‍ കൊടുത്തു വിടുന്നവരെയും പ്രതി ചേര്‍ക്കുമെന്നും കര്‍ണാടക വനം വകുപ്പധികൃതര്‍ വ്യക്തമാക്കി.
കൂട്ടുപുഴ മുതല്‍ പെരുമ്പാടി വരെയുള്ള 16 കിലോമീറ്റര്‍ വരുന്ന കര്‍ണാടകയുടെ വനപാതയില്‍ റോഡുകളുടെ ഇരുവശവും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും മദ്യപിക്കുന്നതും തടയുന്ന നടപടികളും ഇതോടൊപ്പം ശക്തമാക്കിയിട്ടുണ്ട്. ചുരം പാതയില്‍ ടാറിങ് കഴിഞ്ഞ് വാഹനങ്ങള്‍ ഒതുക്കി ഇടുവാന്‍ വീതിയുണ്ടായിരുന്ന എല്ലാ ഭാഗങ്ങളിലും മരക്കഷണങ്ങള്‍ മുറിച്ചിട്ടും കല്ലുകളും മണല്‍ ചാക്കുകള്‍ നിരത്തിയും തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കര്‍ണാടകയിലേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും മാക്കൂട്ടം ഫോറസ്ററ് ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തിയാണ് വിട്ടയക്കുന്നത്. കൂടാതെ വകുപ്പിന്റെ മഫ്ടിയിലുള്ള സംഘവും മാക്കൂട്ടം ചുരം പാതയില്‍ മുഴുവന്‍ സമയവും റോന്ത് ചുറ്റുന്നുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ കുടക് യാത്ര നടത്തുന്ന ലഹരി സംഘങ്ങളെ നേരിടുന്നതിനും പ്രത്യേക സംഘത്തെ വനപാതയില്‍ നിയോഗിച്ചിട്ടുണ്ട്. ജൈവസങ്കേതമേഖലയായ മാക്കൂട്ടത്ത് കുടകിലേക്ക് വിനോദസഞ്ചാരത്തിന് വരുന്നവര്‍ ഉപേക്ഷിക്കുന്ന പ്‌ളാസ്റ്റിക്ക് വസ്തുക്കളും പഴകിയ ഭക്ഷ്യവസ്തുക്കളും കഴിച്ചതിനാല്‍ കുരങ്ങുകള്‍ ഉള്‍പ്പെടെയുളള വന്യമൃഗങ്ങള്‍ ചാവുന്നത് പതിവായി മാറിയതോടെയാണ് അതിശക്തമായ നടപടികളുമായി കര്‍ണാടക വനംവകുപ്പ് രംഗത്തുവന്നത്.












Click it and Unblock the Notifications