കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്നു പറയുന്നവര്‍ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു; എംവി ജയരാജന്‍
കണ്ണൂര്‍: നേതാക്കള്‍ തമ്മില്‍ ഐക്യമില്ലായ്മ കോണ്‍ഗ്രസിലെ പുതിയ കാര്യമല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ലെന്നു പറയുമ്പോഴും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രവൃത്തികള്‍ അതിന് യോജിക്കുന്നില്ല. പുതുപ്പളളിയിലെ തെരഞ്ഞെടുപ്പ്‌വിജയത്തിന് പിന്നില്‍ ഓരോരുത്തരും ഓരോന്നാണ് പറയുന്നത്.ചാണ്ടി ഉമ്മന്‍ ഉമ്മന്‍ചാണ്ടിയാണ് വിജയിപ്പിച്ചതെന്നു പറയുമ്പോള്‍ മറ്റുളളവര്‍ അതിന്‌വിപരീതമായാണ് പറയുന്നതെന്നും എം.വിജയരാജന്‍ പറഞ്ഞു.
സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പയ്യന്നൂരില്‍ നേരിട്ട ജാതി വിവേചന വിഷയം അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും ജയരാജൻ പറഞ്ഞു. പയ്യന്നൂരിന്റെ ചരിത്രത്തിന് വിപരീതമായ സംഭവമാണിത്. താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാനുളള അവകാശത്തിനു വേണ്ടി എ.കെ.ജി സമരം നടത്തുകയും മര്‍ദ്ദനമേറ്റുവാങ്ങുകയുംചെയ്ത നാടാണ് പയ്യന്നൂര്. ഇവിടെ ജാതിയുടെ പേരില്‍ ചിലര്‍ പുലര്‍ത്തുന്ന തെറ്റായ ചിന്തകള്‍ തിരുത്തണം. ആചാര അനുഷഠാനങ്ങളുടെ ഭാഗമായി ജാതി ചിന്തയിലൂടെ സമീപിക്കുന്നത് ശരിയല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇത് നടന്നതെന്നു പറഞ്ഞ് ന്യായീകരിക്കേണ്ട ആവശ്യമില്ല എന്നും എം വി ജയരാജന്‍ വ്യക്തമാക്കി .

കമ്മ്യൂണിസ്റ്റുകാരുടെ സ്വാധീന കേന്ദ്രമാണോ എന്നുള്ളതിന് അവിടെ പ്രസക്തിയില്ല. ജാതി ചിന്തകള്‍ നിലനില്‍ക്കുന്നത് പ്രശ്‌നമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ജാതി ചിന്തകളെ കൂട്ടായി എതിര്‍ക്കുകയാണ് വേണ്ടത്. മന്ത്രിക്ക് നേരിട്ട വിവേചനത്തില്‍ അദ്ദേഹവും പയ്യന്നൂര്‍ എം. എല്‍. എയും അന്നുതന്നെ പ്രതികരിച്ചിരുന്നുവെന്നും അതു ഇപ്പോഴാണ് വാര്‍ത്തയായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ അന്നു തന്നെ ഈക്കാര്യം വന്നിരുന്നുവെങ്കിലും മന്ത്രിയും എം. എല്‍. എയും പ്രതികരിച്ചതിനാലാണ് പാര്‍ട്ടിയെന്ന നിലയില്‍ വിഷയത്തില്‍ ഇടപെടാതിരുന്നതെന്നും എം.വിജയരാജന്‍പറഞ്ഞു.












Click it and Unblock the Notifications