സിപിഎം പ്രവര്‍ത്തകനെ അറസ്റ്റുചെയ്ത വനിതാ എസ്. ഐയ്‌ക്കെതിരെ ഭീഷണി
പയ്യന്നൂര്‍: പാര്‍ട്ടി ഗ്രാമമായ മാതമംഗലത്ത് വനിതാ പൊലിസ് ഓഫിസറെ സി. ഐ.ടി.യു നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തിയതായി പരാതി. പാര്‍ട്ടി ഓഫിസില്‍ കയറി വധശ്രമക്കേസ് പ്രതിയെ പിടികൂടിയതിനാണ് വനിത എസ് ഐയെ സി.ഐ.ടിയു പെരിങ്ങോം ഏരിയ സെക്രട്ടറി പരസ്യമായി ഭീഷണിപ്പെടുത്തിയത്.
വധശ്രമക്കേസ് പ്രതിയായ പുലിയംകോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്തിനെ പാര്‍ട്ടി ഓഫിസില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പരിയാരം വനിത എസ് ഐ രൂപയ്‌ക്കെതിരെയായിരുന്നു പരസ്യമായ വിരട്ടല്‍. എസ് ഐ, രൂപ ചെയ്തത് ധിക്കാരമാണെന്നായിരുന്നു സി ഐ ടി യു പെരിങ്ങോം ഏരിയ സെക്രട്ടറി എം പി ദാമോദരന്‍ പരസ്യമായി കുറ്റപ്പെടുത്തിയത്.

പാര്‍ട്ടി ഓഫീസില്‍ വന്ന് അറസ്റ്റ് ചെയ്യാന്‍ എവിടുന്ന് ധൈര്യം കിട്ടി? എന്തിനാണ് കണ്ടവന്റെ ഓശാരം വാങ്ങിച്ചിട്ട് പരാതിക്ക് പിന്നാലെ ഓടുന്നത്? ഈ വിവരം ഞങ്ങള്‍ ആ സമയത്ത് അറിഞ്ഞിരുന്നെങ്കില്‍ രഞ്ജിത്തിന്റെ രോമത്തില്‍ തൊടാന്‍ നിങ്ങള്‍ക്ക് കഴിയില്ലായിരുന്നു. ന്യായം അറിഞ്ഞുവേണം പാര്‍ട്ടി ഓഫീസില്‍ കയറാന്‍. പ്രദേശത്ത് ഒരു ഉത്സവം നടക്കുന്ന സമയം കൂടിയായിരുന്നു അത്. സാമാന്യ വിവരം ഉണ്ടെങ്കില്‍ ഉത്സവം നടക്കുന്ന സാഹചര്യം മനസിലാക്കേണ്ടേ? നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന സ്ഥലത്ത് വന്ന് താന്തോന്നിത്തരം കാണിക്കാന്‍ ആരാണ് അധികാരം തന്നത്? ഇങ്ങനെയാണ് കൃത്യനിര്‍വഹണം നടത്തിയ വനിത എസ് ഐയ്ക്ക് നേരെ സി ഐ ടി യൂ പെരിങ്ങോം ഏരിയ സെക്രട്ടറി എം പി ദാമോദരന്റെ ഭീഷണി ഇങ്ങനെയായിരുന്നു.
സി ഐ ടി യുവിന്റെ സമര പന്തലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരസ്യമായി വിരട്ടിയത്. വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ പാര്‍ട്ടി ഇടപെട്ട് അന്നു തന്നെ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ട് പോകുകയും ചെയ്തിരുന്നു സി ഐ ടി യു വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങിയ യൂത്ത് ലീഗ് നേതാവ് അഫ്‌സലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് രഞ്ജിത്ത്.












Click it and Unblock the Notifications