കവർച്ച നടത്തുന്നതിനായി കടയുടെ പൂട്ട് പൊളിച്ച കുട്ടി മോഷ്ടാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
കണ്ണൂർ: കവർച്ച നടത്തുന്നതിനായി കടയുടെ പൂട്ട് പൊളിക്കുന്നതിനിടയില്‍ രണ്ടു യുവാക്കളും ഒരു കുട്ടി മോഷ്ടാവും പൊലിസിന്റെ പിടിയിലായി. കണ്ണൂർ തളിപ്പറമ്പിനടുത്തുള്ള പരിയാരം പോലീസ് സ്റ്റേഷന് പരിധിയിലുള്ള പിലാത്തറ മണ്ടൂരില്‍ വെച്ചാണ് മോഷ്ടാക്കള്‍ പരിയാരം പോലീസ് സ്റ്റേഷനിലെ നൈറ്റ്പട്രോളിംഗ് സംഘത്തിന്റെ പിടിയിലായത്.
മാട്ടൂലിലെ മര്‍ഷാദ് (21), മാട്ടൂല്‍ സെന്ററിലെ പി സഹദ് (22) എന്നിവരും പഞ്ചായത്ത് ഓഫീസിന് സമീപത്തെ 17 കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ പട്രോളിംഗ് നടത്തുകയായിരുന്ന എഎസ്ഐ സി ജി സാംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചെറുതാഴം മണ്ടൂരിലെ മുക്കോലകത്ത് അബ്ദുള്ള എന്നയാളുടെ ജനറല്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് ഇവര്‍ പൊളിക്കുന്നത് കണ്ടത്.

പോലീസിനെ കണ്ടതോടെ മൂവര്‍ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന പോലീസ് ഒരു കിലോമീറ്ററോളം അകലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. ഷട്ടര്‍ തകര്‍ക്കാനുപയോഗിച്ച സാധനങ്ങളും ഇവര്‍ രക്ഷപ്പെട്ട ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
ഹോംഗാര്‍ഡ് രവി, ഡ്രൈവര്‍ രാമചന്ദ്രന് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും നടന്ന മോഷണവുമായി ഇവർക്കു ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചു വരുന്നതായി പൊലിസ് അറിയിച്ചു. പ്രതികളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications