കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം അറസ്റ്റിൽ
കണ്ണൂർ: ബ്രൗൺ ഷുഗറുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘം കണ്ണൂരിൽ പിടിയിലായി. 24.23 ഗ്രാം ബ്രൗൺ ഷുഗറുമായി തലശേരി മൊട്ടാമ്പ്രം കമ്പളപ്പുറത്ത് ഹൗസിലെ ഫാത്തിമ ഹബീബ(27), കോഴിക്കോട് അത്തോളി ചാളക്കുഴിയിൽ ഹൗസിലെ ദിവ്യ എൻ(36), തോട്ടട സമാജ് വാദി കോളനിയിലെ മഹേന്ദ്രൻ എന്ന മഹേന്ദ്ര റെഡ്ഡി(33) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച്ചവൈകീട്ട് കണ്ണൂർ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ സ്വകാര്യ ലാബിനു മുൻവശത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. മംഗലാപുരം ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് മയക്ക്മരുന്നു മായി പ്രതികൾ വരുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺപോലീസും വനിതാ പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്.

വിൽപനക്കായി എത്തിച്ച മയക്ക്മരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ഫാത്തിമ ഹബീബ എക്സൈസിന്റെ കേസുകളിൽ ഉൾപ്പെടെ പ്രതിയാണ്. തോട്ടടയിലെ മഹേന്ദ്രനും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്ഐ രേഷ്മ കെ കെ, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് കടത്ത്, കൊലപാതക ശ്രമം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് തോട്ടട സമാജ് വാദി കോളനിയിൽ താമസിക്കുന്ന മഹേന്ദ്രൻ. നേരത്തെ ഇയാൾ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടെ അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മംഗലാപുരത്ത് നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത്. മയക്കുമരുന്ന് വിൽപനയ്ക്കെതിരെ വരും ദിവസങ്ങളിലും പൊലിസ് റെയ്ഡ് ശക്തമാക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ അറിയിച്ചു.












Click it and Unblock the Notifications