കടുവ പശുവിനെ കൊന്നു: ആറളം ഫാം പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക്
ഇരിട്ടി: ആറളം ഫാമില്‍ കടുവ പശുവിനെ കടിച്ചു കൊന്നു. ബ്‌ളോക്ക് നാലിലെ പാടിയിലാണ് പശുവിനെ കടുവ കടിച്ചു കൊന്നത്. പശുവിനെകടുവ കഴുത്തിന് കടിച്ചു നൂറുമീറ്ററോളം വലിച്ചു കൊണ്ടു പോയതിന്റെ ചോരപ്പാടുകള്‍ കാണാനുണ്ട്. ശരീരമാസകളെ കടുവ മാന്തിപറിച്ചതിന്റെപാടുകളുണ്ട്. കടിച്ചു കൊണ്ടുവന്നതിനു ശേഷം പശുവിന്റെ പിന്‍ഭാഗം കടിച്ചുതിന്ന നിലയിലാണ് കണ്ടെത്തിയത്. ആറളത്തെ അസീസ് വളര്‍ത്തു ന്ന പശുവിനെ വ്യാഴാഴ്ച്ച മുതല്‍ കാണാനുണ്ടായിരുന്നില്ല. നാലാം ബ്‌ളോക്കില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് വെളളിയാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് പശുവിനെ കടുവ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയത്.

അസീസ് വര്‍ഷങ്ങളായി ഫാമില്‍ അഴിച്ചുവിട്ടാണ് വളര്‍ത്തിയിരുന്നത്. ജനവാസ മേഖലയാണിത്. ഫാമിലെ ബ്‌ളോക്കുകളായ ഒന്നിലും അഞ്ചിലും നേരത്തെ കടുവയെ കണ്ടിരുന്നു. ഈ കടുവയെ കള്ളു ചെത്തു തൊഴിലാളി നേരിട്ടു കാണുകയും മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ കടുവ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചുവെന്നു പറഞ്ഞ് വനംവകുപ്പ് കൈയ്യൊഴിയുകയായിരുന്നു. കാട്ടാന ശല്യവും കടുവയും കാരണം ആറളം ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുകാരണം സംഭവിക്കുന്നത്.
ഫാമിലെ ജനവാസ മേഖലയിലുള്ള കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കനത്ത നഷ്ടമാണുണ്ടാക്കുന്നത്. എടത്തൊട്ടിയില്‍ രണ്ടു ദിവസങ്ങളായി പുലിയെ കണ്ടെന്നുള്ള വിവരവും പുറത്തുവന്നതോടെ മേഖലയില്‍ ആശങ്ക കനത്തിരിക്കുകയാണ്. തൊഴിലാളികള്‍ പുലര്‍ച്ചെ റബര്‍ ടാപ്പിങിന് പോകാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. കടുവയും പുലിയും ജനവാസ മേഖലകള്‍ ഉള്‍പ്പെടെ ഭീതിപരത്തുമ്പോഴും കാമറ സ്ഥാപിക്കാനോ കടുവയെ കൂട്ടിലാക്കാനോ ശ്രമം വനംവകുപ്പ് നടത്തുന്നില്ലെന്ന പരാതി ജനങ്ങള്‍ക്കുണ്ട്. കടുവ ഭീതിയുണ്ടായതിനു ശേഷം ഉളിക്കല്‍, പായം, അയ്യന്‍കുന്ന്, ആറളം, മുഴക്കുന്ന്, പഞ്ചായത്തിലെ ജനങ്ങള്‍ റബര്‍ ടാപ്പിങ ഉള്‍പ്പെടെയുളള പുലര്‍കാല തൊഴില്‍ ഉപേക്ഷിച്ചു പുറത്തിറങ്ങാന്‍ മടിക്കുകയാണ്.വെളളിയാഴ്ച്ച രാവിലെ ഇവിടെയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയാണ് പശുവിനെകൊന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആറളം അഡീഷനല്‍ എസ്. ഐ വി.ഡി റജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തി.
കടുവ, കാട്ടാനഭീഷണിയെ തുടര്‍ന്നക കളളു ചെത്ത് തൊഴിലാളികള്‍ കൈയ്യില്‍ പടക്കവുമായാണ് ജോലി ചെയ്യുന്നത്. എണ്‍പതോളം തൊഴിലാളികള്‍ മുന്‍കൂട്ടി പണം അടച്ച ശേഷമാണ് ഫാമില്‍ തെങ്ങു ചെത്താന്‍ തുടങ്ങിയത്. അതു കൊണ്ടു തന്നെ തൊഴില്‍ ഉപേക്ഷിച്ചു പെട്ടെന്ന് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു.












Click it and Unblock the Notifications