കൈവെട്ട് കേസ്: സവാദിനെ സഹായിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം
കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത ഒന്നാം പ്രതി സവാദ് മട്ടന്നൂര്‍ ബേരയിലെത്തിയത് വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി തിരിഞ്ഞതിനു ശേഷമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലായി ബെംഗളൂരിലെത്തിയ സവാദിന് ഇത്രയും കാലം ഒളിവില്‍ കഴിയാന്‍ എവിടുന്നൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്ന കാര്യം എന്‍ഐഎ അന്വേഷിച്ചു വരികയാണ്.
ഇയാള്‍ക്ക് സഹായം നല്‍കിയവരെ കണ്ടെത്തിയാല്‍ നിരോധിച്ചിട്ടും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെത്താന്‍ കഴിയുമെന്നാണ് വിവരം. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നവരും ഇന്ത്യയിലും വിദേശത്തുമുള്ള പോപ്പുലര്‍ ഫ്രണ്ട് അനുയായികളും ദേശീയെ അന്വേഷണ ഏജന്‍സിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ കേരളാ പൊലിസ് ഇന്റലിജന്‍സ് വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൈവെട്ട് കേസിലെ പ്രതി വര്‍ഷങ്ങളോളം കണ്ണൂരിലെ മട്ടന്നൂര്‍ ഇരിട്ടി എന്നിവടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് കണ്ടെത്താനാവാത്തത് കേരള പൊലിസിന്റെ വീഴ്ച്ചയാണെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനം. പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിയ ശേഷം വെട്ടാനുപയോഗിച്ച മഴുവുമായി ഒളിവില്‍ പോയ സവാദിനെ കുറിച്ചു വ്യാപകമായ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
മറ്റൊരു പ്രതിയായ നാസറിനൊപ്പമായിരുന്നു ഇയാള്‍ ഒളിവില്‍ പോയത്. കൂട്ടുപ്രതി പിന്നീട് പൊലിസില്‍ കീഴടങ്ങിയെങ്കിലും സവാദിനെ കുറിച്ചു ഇയാളില്‍ നിന്നും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ പ്രതി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും കടന്നതായി വിവരമുണ്ടായിരുന്നു. നേപ്പാളിലും ഒളിവില്‍ കഴിഞ്ഞതായി പറയുന്നുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചോ അല്ലെങ്കില്‍ അതിര്‍ത്തി സംരക്ഷണ സേനയുടെ കണ്ണുവെട്ടിച്ചോ ആയിരിക്കാം ഇയാള്‍ രാജ്യം വിട്ടതും തിരിച്ചെത്തിയതുമാണെന്നാണ് കരുതുന്നത്.
അതേസമയം സവാദിന്റെ വിദേശവാസം കേസ് അന്വേഷണം വഴി തിരിച്ചുവിടാനുള്ള ആസുത്രിതമായ വ്യാജ പ്രചാരണമായിരുന്നോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ബംഗ്‌ളൂരില്‍ നിന്നാണ് ഇയാള്‍ കാസര്‍കോട്ടെക്ക് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാസര്‍ഗോട്ട് ഷാനവാസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. കാസര്‍കോട് സ്വദേശിനിയായ ഖദീജയെ വിവാഹം കഴിക്കുമ്പോള്‍ മഹല്ല് കമ്മിറ്റിയില്‍ ഷാനവാസ് എന്നാണ് പേര് പറഞ്ഞിരുന്നത്.
സാധാരണ ഗതിയില്‍ മുസ്ലിം വിവാഹത്തില്‍ വരന്റെ മഹല്ല് കമ്മറ്റിയില്‍ നിന്നുള്ള കത്ത് വധുവിന്റെ മഹല്ല് കമ്മിറ്റിയില്‍ ഹാജരാക്കേണ്ടതുണ്ട്. സവാദിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരികയാണ്. കാസര്‍കോട് നിന്നും കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തും ഇരിട്ടിക്കടുത്തെ വിളക്കോടും താമസിച്ച ശേഷമാണ് മട്ടന്നൂര്‍ നഗരസഭയിലെ ബേരത്ത് ഇയാള്‍ വാടക വീട് സംഘടിപ്പിച്ചു താമസം വാറ്റുന്നത്.
ബേരത്തെ വാടക വീട്ടില്‍ താമസിക്കാനായി മട്ടന്നൂരിലെ ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സഹായിച്ചതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. മട്ടന്നൂരിലും വിളക്കോടുമെല്ലാം ഷാജഹാനെന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. വാടകയ്ക്കു താമസിച്ച ഇടങ്ങളിലെല്ലാം ഭാര്യയുടെ പേരിലാണ് വാടക കരാര്‍ രേഖയുണ്ടാക്കിയത്. തന്റെ പേരില്‍ വാടക വീടെടുക്കുമ്പോള്‍ തിരച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ളവ നല്‍കേണ്ടി വരുമെന്നതിനാല്‍ ഇതൊഴിവാക്കാനാണ് ഭാര്യയുടെ പേരില്‍ വാടക കരാറുണ്ടാക്കിയെന്നാണ് പൊലിസ് വിലയിരുത്തുന്നത്.
ഇയാള്‍ പരസ്യമായി ഫോണ്‍ ഉപയോഗിക്കാറില്ലെങ്കിലും പണിസ്ഥലങ്ങളില്‍ ഇയാള്‍ക്ക് ഫോണ്‍ വരുന്നതായി കൂടെ ജോലി ചെയ്തിരുന്നവര്‍ പൊലിസിനോട് പറഞ്ഞിട്ടുണ്ട്. ആരുടെ പേരിലുള്ള സിം കാര്‍ഡാണ് ഉപയോഗിച്ചിരുന്നതെന്നും പരിശോധിച്ചു വരികയാണ്. മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഷാജഹാന്‍ എന്നാണ് രേഖപ്പെടുത്തിയത്. രണ്ടാമത്തെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ സവാദ് എന്നുമാണ് രേഖപ്പെടുത്തിയത്.
ഇതാണ് അന്വേഷണത്തിന് തുമ്പായി മാറിയത്. സവാദിന്റെ വീട്ടില്‍ നിന്നും ലഭിച്ച മൊബെല്‍ ഫോണുകളില്‍ നിന്നുമാണ് ഇയാളെ സഹായിച്ചവരെ കുറിച്ചുള്ള വിവരം അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുള്ളത്. ഇവരെ കേന്ദ്രികരിച്ചാണ് അന്വേഷണമാരംഭിച്ചിട്ടുള്ളത്.












Click it and Unblock the Notifications