ആർഎസ്എസ് നിയന്ത്രിത കോളേജ് പരിപാടിയിൽ പങ്കെടുത്ത യുവ ഐപിഎസ് ഓഫീസർക്ക് സ്ഥലമാറ്റം
കണ്ണൂർ: ആർഎസ്എസ് നിയന്ത്രണത്തിലുള്ള കോളേജിൽ പൊതുപരിപാടിയിൽ പങ്കെടുത്ത എഎസ്പിക്ക് സ്ഥലം മാറ്റം. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി പ്രിന്‍സിപ്പലായ പ്രഗതി കോളജിലാണ് കായിക മേളയുടെ ഉദ്ഘാടനത്തിനായി ഇരിട്ടി എഎസ്പി ആർ ആനന്ദ് എത്തിയത്. എന്നാൽ ഇതിനെതിരെ ഭരണകക്ഷിയായ സി.പി.എമ്മിൽ നിന്നും കടുത്ത എതിർപ്പുയർന്നതോടെ സംഗതി വിവാദമായി.
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ പൊലിസിലെ പ്രധാന പദവി വഹിക്കുന്ന ഉദ്യോഗസ്ഥൻ സംഘ് പരിവാർ പരിപാടിയിൽ പങ്കെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയിലും പെട്ടു. ഇതിനെ തുടർന്ന് വകുപ്പുതല അന്വേഷണം നടത്തിയതിനൊടുവിലാണ് യുവഐപിഎസ്കാരനായ ഇരിട്ടി എഎസ്പി ആര്. ആനന്ദിനെ സ്ഥലം മാറ്റിയത്.

പകരം മുന്‍ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ആര്. ആനന്ദ് ക്രമസമാധാനാപാലനത്തില് മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.
ഹൈദരാബാദില്‍ പോലീസ് അക്കാദമിയില്‍ കോഴ്സിന് പോയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും എഎസ്പി തസ്തികയില്‍ ഒരു വര്‍ഷം തികഞ്ഞ ശേഷം എസ്പി പ്രൊമേഷനോടെയാണ് സാധാരണ ഐപിഎസുകാരെ സ്ഥലം മാറ്റാറുള്ളൂ എന്നാണ് കീഴ് വഴക്കം. ആഭ്യന്തര വകുപ്പ് അന്വേഷണത്തിനിടെ പ്രഗതി കോളജില്‍ കായിക മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് തെറ്റല്ലന്ന നിലപാടില്‍ എഎസ്പി ഉറച്ച് നിന്നിരുന്നു. മുന്‍ ഡിവൈഎസ്പിമാരും കായിക മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തുവെന്നും ഇതില്‍ തെറ്റില്ലന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ കോളജില്‍ സ്ഥാപിച്ച പതാകക്ക് എഎസ്പി സല്യൂട്ട് ചെയ്തുവെന്നും കോളജിലെ മുന്‍ അധ്യാപകനും പോപ്പുലർ ഫ്രണ്ട് അക്രമത്തില്‍ കൊല്ലപ്പെട്ട അശ്വനികുമാറിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിലവിളക്ക് തെളിച്ചുവെന്നുമാണ് എഎസ്പിയുടെ നിലപാടിനെ എതിര്‍ക്കുന്നവര്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ചത്.
സജേഷ് വാഴാളപ്പില്‍ അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്നാണ് വിവരം. നിലവില്‍ സ്റ്റേറ്റ് സെപെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് സജേഷ്.












Click it and Unblock the Notifications