ശ്രീകണ്ഠാപുരത്ത് കണ്ടെത്തിയ നിധിശേഖരം; പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി
ശ്രീകണ്ഠാപുരം: കണ്ണൂർജില്ലയുടെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്ത് കണ്ടെത്തിയ നിധി ശേഖരം പുരാവസ്‌തു ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. ആർക്കിയോളജി വകുപ്പിലെക്ക് മാറ്റിയ വസ്‌തുക്കളുടെ കാലനിർണയം, സ്വഭാവം ചരിത്ര കാലം എന്നിവ അറിയുന്നതിനാണ് പരിശോധന തുടങ്ങിയത്.
ലക്ഷങ്ങൾ മതിക്കുന്നുവെന്ന് കരുതുന്ന കുംഭത്തിലുണ്ടായിരുന്ന നിധിശേഖരം തൊഴിലുറപ്പ് തൊഴിലാളികളാണ് ജോലിക്കിടെ കണ്ടെത്തിയത്. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യുപി സ്കൂളിന് സമീപത്തു നിന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടെത്തിയത്.
പുതിയ പുരയിൽ താജുദ്ദീൻ്റെ റബ്ബർ തോട്ടത്തിൻ നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ആഭരണങ്ങൾ ലഭിച്ചത്. 17 മുത്തുമണി, 13സ്വർണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ നിരവധി വെള്ളിനാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന വസ്തു എന്നിവയാണ് വ്യാഴാഴ്ച്ച വൈകിട്ട് കണ്ടെത്തിയത്. ചെങ്ങളായി പഞ്ചായത്ത് പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്.

കുംഭത്തിൽ സൂക്ഷിച്ചത് പൊട്ടിയതിനാൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടർന്ന് ഞാഴിലാളികൾ പോലീസിൽ വിവരമറിയിച്ചു. ശ്രീകണ്ഠാപുരം എസ്.ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇവ കസ്‌റ്റഡിയിലെടുത്ത് തുടർന്ന് തളിപറമ്പ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഉത്തരവ് പ്രകാരം പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ചരിത്രപരമായ പ്രാധാന്യം ഈ നിധികുംഭത്തിനുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
റബ്ബർ തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഗുഹകളോ മനുഷ്യവാസ പ്രദേശങ്ങളോ നന്നങ്ങാടികളോയുണ്ടെന്ന് പരിശോധിക്കുമെന്ന് പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ കണ്ടെത്തിയ ആഭരണങ്ങൾ സ്വർണം പൂശിയതാണോയെന്ന സംശയം പോലീസിനുണ്ട്. മോഷ്‌ടാക്കൾ കുഴിച്ചിട്ടതാണോയെന്നാണ് പോലീസ് പരിശോധിച്ചു വരുന്നത്.












Click it and Unblock the Notifications