ഉളിക്കലിൽ വീട് കുത്തി തുറന്ന് 20 പവനും പണവും കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ
പയ്യാവൂർ: ഉളിക്കലിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണം കവർന്ന സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി എസ് അഭിരാജ് (31) കാസർകോട് ഉപ്പള സ്വദേശി കെ കിരൺ (28) എന്നിവരെയാണ് ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വോഡ് തിങ്കളാഴ്ച്ച രാവിലെ പിടികൂടിയത്. കണ്ണൂർ - കാസർകോട് ദേശിയ പാതയിലെ ധർമ്മശാലയിൽ നിന്നും തിങ്കളാഴ്ച്ച പുലർച്ചെയായായിരുന്നു അറസ്റ്റ്.

ഞായറാഴ്ച്ച രാവിലെ ഏഴു മണിക്കാണ് ഉളിക്കൽ കല്ലു വയലിൻ വീട് കുത്തിത്തുറന്ന് പ്രതികൾ മോഷണം നടത്തിയത്. ഉളിക്കൽ കല്ലുവയൽ ബെന്നി ജോസഫിന്റെ വീട്ടിലായിരുന്നു കവർച്ച. ബെന്നിയും കുടുംബവും പള്ളിയിൽ പോയ സമയത്ത് വീട്ടിൽ കയറിയ മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവുമായി മുങ്ങുകയായിരുന്നു. 22000 രൂപയും വീട്ടിൽ നിന്ന് നഷ്ടമായിരുന്നു.തിരിച്ചറിയാതിരിക്കാൻ സിസിടിവിയുടെ ഡിവിആറും മോഷ്ടാക്കൾ കവർന്നിരുന്നു.
പ്രതികളുടെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ മറ്റൊരു ക്യാമറയിൽ നിന്നും ലഭിച്ചതാണ് പോലിസിന് സഹായകരമായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications