മാടായിപാറയില്‍ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ എക്സൈസ് പിടിയില്‍
വളപട്ടണം: മാരകമയക്കുമരുന്നുമായി മെത്താഫിറ്റ്മാനുമായി മാടായിപാറയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മാടായി മൈനവളപ്പില്‍ എം. നജീബ്, പാളയം നഗറിലെ പുതിയ വീട്ടില്‍ സിനാസ് എന്നിവരെയാണ് പാപ്പിനിശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വി പ്രസന്നകുമാറും സംഘവും മാടായിപാറയില്‍ നിന്നും അറസ്റ്റു ചെയ്തത്.
മാടായിപാറയില്‍ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ എക്സൈസ് പിടിയില്‍ നജീബില്‍ നിന്നും 317- മില്ലി ഗ്രാമും സിനാസില്‍ നിന്ന് 400 മില്ലി ഗ്രാമും മെത്തഫിറ്റ്മാനാണ് പിടിച്ചെടുത്തത്.നിരവധി കേസുകളില്‍ പ്രതികളായ ഇരുവരും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്തുന്നതിനാണ് മയക്കുമരുന്നെന്ന് എക്സൈസ് അറിയിച്ചു.

പയ്യന്നൂര്‍, പിലാത്തറ, പഴയങ്ങാടി ഭാഗങ്ങളില്‍ മെത്താഫിറ്റ്മാന്‍ വില്‍പന നടത്തുന്ന പ്രധാന കണ്ണികളാണിവര്‍. നിരവധി യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തുന്ന ഇവര്‍ മാടായിപാറയുടെ വിവിധ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചു യുവാക്കളെ എത്തിച്ചു മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുണ്ടാക്കി നല്‍കുന്നതായും എക്സൈസ് അറിയിച്ചു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് തൂണോളി, സജിത്ത് കുമാര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ ജനാര്‍ദ്ദനന്‍, പി.യേശുദാസന്‍, പിപി രജിരാഗ്, വിപി ശ്രീകുമാര്‍, ഇസ്മയില്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ എന്‍ഡിപി. എസ് ആക്ടു പ്രകാരം കേസെടുത്തു വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
നേരത്തെ കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ മാടായിപാറയില്‍ മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ തമ്പടിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഈ പ്രദേശം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊലിസും രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications