കണ്ണൂരില്‍ കാപ്പ ചുമത്തി പാനൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ നാടു കടത്തി
തലശേരി: ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കണ്ണൂര്‍ പൊലീസ്. നാടിന്റെ സൈര്യ ജീവിതം തകര്‍ക്കുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പാനൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ കാപ്പ ചുമത്തി പൊലിസ് നാടു കടത്തി.
പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റ്യേരി കെ.സി മുക്കിലെ കല്ലുള്ള പറമ്പന്ത് അഷിന്‍ (25) മൊകേരി പാത്തി പാലം എടച്ചേരി ഹൗസില്‍ ഇ. പ്രവീണ്‍ ( 30 ) എന്നിവരെയാണ് നാടു കടത്തിയത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി യുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തല്‍ നടപടി സ്വീകരിച്ചത്.
അഷിന്‍ ആറ് ക്രിമിനല്‍ കേസുകളിലും പ്രവീണ്‍ നാല് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പ്രതികളെ ഒരു വര്‍ഷത്തേക്ക് തടഞ്ഞു കൊണ്ടാണ് ഉത്തരവായത്.

നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വര്‍ക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെയും പൊലിസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത്കുമാര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ അറിയിച്ചു. നേരത്തെ സി.പി.എം സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയെയും കാപ്പ ചുമത്തി നാടു കടത്തിയിരുന്നു.
എന്നാല്‍ ഇയാളുടെ കൂട്ടാളി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പചുമത്താന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും കോടതി ഇടപെടല്‍ കാരണം നടന്നില്ല. സ്വര്‍ണക്കടത്ത് പ്രതിക്കെതിരെ കാപ്പചുമത്താന്‍ വകുപ്പില്ലെന്നാണ് കോടതി വിധിച്ചത്. കണ്ണൂരില്‍ ഒരു വര്‍ഷത്തിനിടെ ഇരുപതോളം പേര്‍ക്കെതിരെ കാപ്പചുമത്തി ജയിലില്‍ അടച്ചിട്ടുണ്ട്. ഇതില്‍ നാടുകടത്തിയതിനു ശേഷം വീണ്ടും തിരിച്ചെത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് കാപ്പ ചുമത്തി നാടുകടത്തിയ ഒരുയുവാവ് ജീവനൊടുക്കിയിരുന്നു.












Click it and Unblock the Notifications