ഉഡാൻ പദ്ധതി നീട്ടിയത് കണ്ണൂർ വിമാനത്താവളത്തിന് പ്രതീക്ഷയേകുന്നു
തലശേരി : പോയൻ്റ് ഓഫ് കോൾ പദവി ലഭിക്കാതെ പ്രതിസന്ധിയിലായ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പുത്തൻ പ്രതീക്ഷയായി ഉഡാൻ പദ്ധതി. ഉഡാൻ പദ്ധതി പത്ത് വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ തീരുമാനമാണ് കണ്ണൂർ വിമാനത്താവള അധികൃതർക്ക് ആശ്വാസകരമായി മാറിയത്.
ഉഡാൻ പദ്ധതി പ്രകാരം സർവീസുകൾ വേണമെന്ന് ആവശ്യപ്പെട്ട് കിയാൽ അധികൃതർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്. 2019 മുതൽ മൂന്ന് വർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസുകൾ നടത്തിയിരുന്നു. രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ എത്തിക്കാനും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കാനും കേന്ദ്രസർക്കാർആവിഷ്കരിച്ച പദ്ധതിയാണ് ഉഡാൻ.

കൂടുതൽ ആഭ്യന്തര സർവീസുകൾ കണ്ണൂരിലേക്ക് വരുന്നതിന് ഉഡാൻ പദ്ധതി സഹായകരമാകുമെന്നാണ് കിയാലിൻ്റെ കണക്കുകൂട്ടൽ.നേരത്തെ ഇൻഡിഗോ എയർലൈൻസ് മാത്രമാണ് കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസുകൾ നടത്തിയിരുന്നത്. ഹൈദരാബാദ്, ചെന്നൈ, ഗോവ, ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ ആയിരുന്നു സർവീസുകൾ. കാലാവധി അവസാനിച്ചതോടെ ഈ സർവീസുകൾ നിർത്തി. ഇതിൽ ഗോവ, ഹുബ്ബള്ളി എന്നിവിടങ്ങളിൽ നിലവിൽ കണ്ണൂരിൽ നിന്ന് സർവീസില്ല.
മറ്റു സർവീസിനേക്കാൾ കുറഞ്ഞ യാത്രാ നിരക്കിലാണ് ഉഡാൻ സർവീസുകൾ നടത്തുക. സർവീസ് ചാർജുകളും ആനുപാതികമായി കുറയുന്നതിനാൽ വിമാന താവളത്തിന് ലഭിക്കേണ്ട വരുമാനവും കുറവായിരിക്കും. ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവ് നൽകിയതിനെ തുടർന്നാണ് നേരത്തെകണ്ണൂരിൽ നിന്ന് ഈ സർവീസുകൾ നടത്തിയത്. ഉഡാൻ റൂട്ടുകളിലേക്ക് മൂന്ന് വർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കില്ലെന്ന നിബന്ധന കണ്ണൂരിന് വേണ്ടി ഇളവ് ചെയ്തിരുന്നു.
ഗോഫസ്റ്റ് എയർലൈൻസിന്റെ സർവീസുകൾ ഉഡാനിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ഉഡാൻ പദ്ധതി വഴി കൂടുതൽ സർവീസുകൾ വരുന്നത് കണ്ണൂർ വിമാന താവളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് അൽപ്പമെങ്കിലും ആശ്വാസം പകരുമെന്നാണ് കിയാലിൻ്റെ പ്രതീക്ഷ. നിലവിൽ 700 കോടിയോളം സാമ്പത്തിക നഷ്ടത്തിലൂടെയാണ് കണ്ണൂർ വിമാന താവളം മുൻപോട്ടു പോകുന്നതെന്ന് വാർഷിക പൊതുയോഗത്തിലെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. മട്ടന്നൂർമെട്രോ നഗരമല്ലാത്തതിനാൽ കേന്ദ്ര സർക്കാർ പോയൻ്റ് ഓഫ് കോൾ അനുമതി നൽകാത്തതാണ് പ്രതിസന്ധിമൂർച്ഛിക്കാൻ കാരണമായത്












Click it and Unblock the Notifications