ചികിത്സാ പിഴവെന്ന് ആരോപണം, തലശേരിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി
തലശേരി: തലശേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവു മൂലം ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന പരാതിയില്‍ സൈദാര്‍ പള്ളിയില്‍ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. ഗോപാലപേട്ട കൊക്കപ്പുറം അല്‍നൗഗറില്‍ പിവി നൗഷാദ് സാഹിറ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലമാണ് കുഞ്ഞ് മരിച്ചതെന്നാരോപിച്ച് കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പൊലീസിലും നൗഷാദ് പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 20ന് വൈകിട്ടാണ് സാഹിറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ ഗര്‍ഭസ്ഥശിശു മരിച്ചു. 21 നാണ് മൃതദേഹം അടക്കം ചെയ്തത്.

അസ്വാഭാവിക മരണത്തിന് തലശേരി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ സൈദാര്‍പള്ളി ഖബര്‍ സ്ഥാനിലെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്.തലശേരി എസിപി കെഎസ് ഷഹന്‍ഷ സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കി.
തലശേരി സിഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ പൊലീ സും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടായി തഹസില്‍ദാര്‍ ജിസാ തോമസും സ്ഥലത്തുണ്ടായിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാരായ ടി സി അബ്ദുള്‍ ഖിലാബ്, കെ അജേഷ്, കെ പി അന്‍സാരി പള്ളിക്കമ്മിറ്റി ഭാരവാഹി റഹീം കൂവേരി, കുഞ്ഞിന്റെ പിതാവ് പിവി നൗഷാദ് തുടങ്ങിയവരും ഖബര്‍സ്ഥാനിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം മറവുചെയ്തു. സംഭവത്തെ കുറിച്ചു പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications