അയല്‍വാസിയെ മര്‍ദ്ദിച്ച കൊന്ന കേസിലെ പ്രതികളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ തുളിച്ചേരിയില്‍ നമ്പ്യാര്‍മെട്ടയിലെ അമ്പന്‍ അജയകുമാറിനെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അജ്ഞാത സംഘം തകര്‍ത്തു. തിങ്കളാഴ്ച്ച രാവിലെയാണ് തുളിച്ചേരി നമ്പ്യാര്‍മെട്ടയിലെ ടി.ദേവദാസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തത്. റോഡില്‍ വാഹനങ്ങള്‍ കഴുകിയ മലിനജലം ഒഴുക്കിവിട്ടെന്ന നിസാര കാര്യത്തെ ചൊല്ലിയുള്ള അയല്‍വാസികള്‍ തമ്മിലുള്ള വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ തുളിച്ചേരിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ അടിയേറ്റ് 61 വയസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലിസ് നാലുപ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കക്കാട് തുളിച്ചേരിയിലെ ദേവദാസിന്റെ വീട്ടുമുറ്റത്തു നിന്നും കാറും ഓട്ടോറിക്ഷയും കഴുകിയ മലിന ജലം തൊട്ടടുത്ത റോഡിലേക്ക് ഒഴുക്കിവിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തുളിച്ചേരി നമ്പ്യാര്‍ മെട്ടയിലെ അമ്പന്‍ ഹൗസില്‍ അജയകുമാറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

ഞായറാഴ്ച്ച വൈകുന്നേരം നാലു മണിക്ക് ഇതു സംബന്ധിച്ച് അയല്‍വാസികളായ ദേവദാസ്, മക്കളായ സജ്ഞയ് ദാസ്, സൂര്യ ദാസ് എന്നിവരുമായി അജയകുമാര്‍ വാക്കേറ്റം നടത്തിയിരുന്നു. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് ഇരുവിഭാഗത്തെയും ശാന്തരാക്കി താല്‍ക്കാലികമായി പ്രശ്നം അവസാനിപ്പിച്ചത്. ഇതിനു ശേഷം രാത്രി എട്ടരയോടെ ദേവദാസിന്റെ വീടിനടുത്തുള്ള പൂട്ടിയിട്ട കടവരാന്തയില്‍ ഇരിക്കുകയായിരുന്ന അജയകുമാറിനെ ബൈക്കിലെത്തിയ ദേവദാസിന്റെ മക്കളും ഇതര സംസ്ഥാനതൊഴിലാളിയും ദേവദാസും ചേര്‍ന്ന് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഹെല്‍മെറ്റ്, കസേര, കല്ലുകള്‍ എന്നിവ കൊണ്ടാണ് അജയകുമാറിന്റെ തലയ്ക്ക് ഇവര്‍ മാരകമായി മര്‍ദ്ദിച്ചത്. അജയകുമാറിന്റെ നിലവിളി കേട്ട് രക്ഷിക്കാന്‍ ഓടിയെത്തിയ അയല്‍വാസിയായ കെ.പ്രവീണ്‍ കുമാറി (51)യും അക്രമം തടയുന്നതിനിടെ പ്രതികള്‍ അതി മാരകമായി മര്‍ദ്ദിച്ചു. റോഡില്‍ വീണു കിടന്ന ഇരുവരെയും പ്രദേശവാസിയായ കോണ്‍ഗ്രസ് നേതാവ് കല്ലിക്കോടന്‍ രാജേഷിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സില്‍ കണ്ണൂര്‍ നഗരത്തിലെ കൊയിലി ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പരുക്കേറ്റ അജയകുമാര്‍ ഇതിനിടെ മരിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പം പരുക്കേറ്റ പ്രവീണ്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. വാക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് അജയകുമാറിന്റെ കൊലപാതകത്തിലെത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അജയകുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പൊലിസ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടം നടത്തിയതിനു ശേഷം പയ്യാമ്പലത്ത് സംസ്‌കരിച്ചു.












Click it and Unblock the Notifications