കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പ്, മയ്യില്‍ പൊലിസ് സ്റ്റേഷനില്‍ വീണ്ടും കേസെടുത്തു
മയ്യില്‍: ഉയര്‍ന്ന പലിശ വാഗ്ദ്ധാനം ചെയ്തു കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കണ്ണൂരിലെ അര്‍ബന്‍ നിധിക്കെതിരെ വീണ്ടും കേസുകള്‍. മയ്യില്‍ പൊലിസ് സ്റ്റേഷനിലാണ് പുതുതായി ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. കുറ്റിയാട്ടൂരിലെ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കെ.വി വത്സരാജിന്റെ പരാതിയിലാണ് കേസെടുത്തത്. 13.30ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
2022- മെയ് മാസമാണ് പണം നല്‍കിയത്. ആദ്യം പന്ത്രണ്ട് ശതമാനം പലിശ വാഗ്ദ്ധാനംചെയ്തതിനെ തുടര്‍ന്ന് ചെറിയ തുക നിക്ഷേപിച്ചതെങ്കിലും പിന്നീട് 13.5ശതമാനം പലിശവാഗ്ദ്ധാനം ചെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ തുക നിക്ഷേപിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പയ്യന്നൂര്‍ വെളളൂരിലെ ഭര്‍തൃമതിയില്‍ നിന്നും എട്ടുലക്ഷം രൂപ വാങ്ങിയ ശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍പയ്യന്നൂര്‍ പൊലിസും അര്‍ബന്‍ നിധി ഡയറക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒഴക്രോം സ്വദേശിനിയായ പി.വി ഗിരിജയുടെ 36,000രൂപ വാങ്ങിയതിനു ശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ കണ്ണപുരം പൊലിസും കുറ്റിയാട്ടൂര്‍ സ്വദേശി കെ.വി വത്സരാജിന്റെ 13,31,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരതിയില്‍ മയ്യില്‍ പൊലിസും അര്‍ബന്‍ നിധിക്കെതിരെ പുതുതായി കേസെടുത്തിട്ടുണ്ട്.
പിണറായി കാപ്പുമ്മല്‍ സ്വദേശി കൃഷ്ണദീപത്തില്‍ കെ.വി സുധിയുടെ പതിനേഴുലക്ഷം നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയില്‍ പിണറായി പൊലീസും കഴിഞ്ഞ ദിവസം അര്‍ബന്‍നിധിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇതിനകം അര്‍ബന്‍ നിധിക്കെതിരെ നിരവധി നിക്ഷേപ തട്ടിപ്പുകളാണ് പരാതികളായി വന്നുകൊണ്ടിരിക്കുന്നത്. അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടു മയ്യില്‍ പൊലിസ് ഇതുവരെ നാലുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാലുപരാതികളിലായി അരക്കോടിയിലേറെ രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.
കരിങ്കല്‍കുഴിയിലെ പി. ആതിരയില്‍ നിന്നും പതിനഞ്ചുലക്ഷം രൂപയും കണ്ണാടി പറമ്പിലെ ശബരിനിവാസില്‍ മുരളിയില്‍ നിന്നും 15.20ലക്ഷം രൂപയും ്കണ്ണാടിപറമ്പ് പൂളുക്കല്‍ നിഷയില്‍ നിന്നും ഏഴരലക്ഷം രൂപയും തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം മയ്യില്‍ പൊലിസ് കേസെടുത്തിരുന്നു. മയ്യില്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ടി.പി സുമേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
ഇതിനിടെ അര്‍ബന്‍ നിധിയുടെ സമാന്തരസ്ഥാപനമായ എനി ടൈം മണിയിലൂടെ ഹവാലപണമിടപാട് നടന്നുവെന്ന സൂചനയെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന് പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. നൂറ്റി അന്‍പതുകോടിയുടെ നിക്ഷേപ തട്ടിപ്പാണ് ഇതുവരെ പരാതിയായി വന്നിട്ടുളളത്. ഇതില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ മാത്രം നിക്ഷേപകര്‍ക്ക് നാല്‍പതുകോടി നഷ്ടപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications