കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്ളാസ്റ്റിക്ക് ഉൽപന്ന ഉപയോഗം നിരോധിച്ചു
കണ്ണൂർ: കണ്ണൂർ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളും കവറുകളും മറ്റു വസ്തുക്കളും ഉപയോഗിക്കുന്നത് നിരോധിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് നിരോധനം ഏർപ്പെടുത്തിയത്. ജീവനക്കാരും സന്ദർശകരും നിയമം പാലിക്കണം. കണ്ണൂർ ജില്ലാ ആശുപത്രിയും പരിസരവും മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള വിവിധ നടപടികൾക്കാണ് പുതു വർഷത്തിൽ ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചത്.
ഇതിന്റെ ഭാഗമായാണ് ജനുവരി ഒന്നു മുതൽ ആശുപത്രി കോമ്പൗണ്ടിൽ പ്ലാസ്റ്റിക് കവറുകളടക്കം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചത്. രോഗികൾക്കും ജീവനക്കാർക്കും ഇത് ബാധകമാണ്. ഇളനീർ തൊണ്ടുകൾ വലിച്ചെറിയുന്നത് വെള്ളംകെട്ടിനിന്ന് കൊതുക് പെരുകാനും ഇഴജന്തുക്കളും മറ്റും കയറിക്കൂടാനും കാരണമാകുന്നുണ്ട്. ഇവ യുടെ സംസ്കരണം പ്രയാസമായതിനാൽ ഇളനീർ തൊണ്ടോടെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.

ശുചീകരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിങ്കൾ മുതൽ കിടച്ച് പുരോഗികൾ അടപ്പുള്ള ബക്കറ്റ് കരുതുകയും ഭക്ഷണാവശിഷ്ടങ്ങൾ ഇതിൽ നിക്ഷേപിക്കുകയും വേണം. ജീവനക്കാർ നിശ്ചിതസമയത്ത് ഇതു ശേഖരിച്ച് നീക്കം ചെയ്യും. നിർദേശങ്ങൾ അടങ്ങിയ കത്ത് അഡ്മിഷൻ സമയത്ത് രോഗികൾക്ക് നൽകും.
ആശുപത്രി ക്യാന്റീനിൽ നിന്ന് അലുമിനിയം ഫോയിൽ, ഡിസ്പോസിബിൾ ഗ്ലാസ് തുടങ്ങിയവയിൽ ഭക്ഷണം പാർസൽ നൽകുന്നത് നിർത്തലാക്കും. ഡി വൈഎഫ്ഐ ഹൃദയപൂർവം പദ്ധതിയിൽ കറി നൽകുന്നതിന് ഉപയോഗിക്കുന്ന ഫോയിൽ കവർ ഒഴിവാക്കുകയോ, അല്ലാത്തപക്ഷം ആശുപത്രിയിൽ നിന്ന് ഇവ ശേഖരിച്ച് നിർമാർജനം ചെയ്യുന്ന പ്രവൃത്തി ഏറ്റെടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടനയ്ക്കും കത്തു നൽകി. ആശുപത്രി പരിസരത്തെ വ്യാപാര സ്ഥാനപങ്ങൾക്കും ഇവ സംബന്ധിച്ച് കത്ത് നൽകും.
ഒരു രോഗിയുടെ കൂടെ രണ്ടിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കില്ല. അധികം വരുന്നവർക്ക് പാസ് കർശനമാക്കും. മാലിന്യം വലിച്ചെറിയുന്നതും ശുചിമുറിയിൽ നിക്ഷേപിക്കുന്നതും മറ്റും തടയാനായി പോസ്റ്ററുകൾ പതിക്കാനും തീരുമാനിച്ചു. ആശുപത്രി വികസന സമിതി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications