കണ്ണൂരിൽ ഹിന്ദുസ്ഥാനി സംഗീത വർഷവുമായി ഉസ്താദ് അംജദ് അലിഖാനെത്തി
തലശേരി: കണ്ണൂരിലെ പിണറായി പെരുമയില്‍ സംഗീത വര്‍ഷവുമായി ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് അംജദ് അലിഖാനെത്തി. കണ്ണൂരിന്റെ സൗന്ദര്യം കണ്ടറിയാന്‍ കൂടിയാണ് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പത്മ വിഭൂഷണ്‍ ഉസ്താദ് അംജദ് അലിഖാനെത്തിയത്. കണ്ണൂരിനെ കുറിച്ചും നിറയെ മറ്റുള്ളവരില്‍ നിന്നും താന്‍ കേട്ടിട്ടുണ്ടെന്നും ആദ്യമായാണ് കണ്ണൂരിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ കടല്‍ തീരങ്ങളും പ്രകൃതിയും അതിമനോഹരമാണ്. വിദ്യാഭ്യാസമുള്ള കലാസ്‌നേഹികളായ ജനങ്ങളാണ് കേരളത്തിലേത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ നടക്കുന്ന പിണറായി പെരുമയില്‍ പങ്കെടുക്കുന്നതിനായാണ് കണ്ണൂരില്‍ എത്തിയത്. മുഖ്യമന്ത്രി നേരത്തെ ഈ കാര്യം സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേരത്ത് തിരുവനന്തപുരത്ത് നടന്ന സൂര്യാ ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ട്.

സൂര്യാകൃഷ്ണമൂര്‍ത്തി തന്നെ ഫെസ്റ്റിവല്‍ ഡയറക്ടറായ പിണറായി പെരുമയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സംഗീതത്തിന് ജാതിയോ മതമോ ഇല്ലെന്നും ഉസ്താദ് അംജദ് അലി ഖാന്‍ പറഞ്ഞു. ഒരു പൂങ്കയിലെ പൂക്കള്‍ പോലെ അത് എല്ലാവരെയും ഒന്നിച്ചു നിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും ഒരു പോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് നാം പഠിക്കുന്നത്.
കുട്ടികളെ നാം പഠിപ്പിക്കുന്നതും അങ്ങനെ തന്നെയാവണമെന്നും അദ്ദേഹം പറഞ്ഞു. ഭാഷാപരമായ വൈഷമ്യമാണ് കേരള മുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് ഹിന്ദുസ്ഥാനി സംഗീതം ആസ്വദിക്കുന്നുണ്ടെങ്കിലും എണ്ണത്തില്‍ കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികള്‍ സംഗീതം ആസ്വദിക്കുന്നുണ്ടെങ്കിലും അവരുടെ രാഷ്ട്രിയ പാര്‍ട്ടികളുടെ അജന്‍ഡകള്‍ നടപ്പിലാക്കാനാണ് അവരെല്ലാവരും പ്രവര്‍ത്തിക്കുന്നത്.
മത സാഹോദര്യമാണ് ഭാരതത്തിന്റെ നിലനില്‍പ്പ്. ഞാന്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നത് മറ്റൊരാള്‍ സൃഷ്ടിച്ച ഉപകരണം കൊണ്ടാണെന്നു ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറകള്‍ പാശ്ചാത്യ ബാന്‍ഡ് സെറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ തെറ്റില്ല. തന്റെ പേരമക്കള്‍ മൈക്കിള്‍ ജാക്‌സന്റെ സംഗീതം ആസ്വദിക്കുന്നവരാണ്. ഹിന്ദുസ്ഥാനി സംഗീതം പഠിക്കുക വൈഷമ്യകരമാണ്.
അതുകൊണ്ടു തന്നെയാണ് പുതുതലമുറ ഹിന്ദുസ്ഥാനി സംഗീതം കൂടുതല്‍ പഠിക്കാന്‍ തയ്യാറാകാത്തതിന് കാരണമെന്ന് ഉസ്താദ് പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തിയും പിണറായി പെരുമ പരിപാടിയുടെ സംഘാടകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications