ലിജേഷ് ലോക്കർ തുറന്നതെങ്ങനെ? അതിബുദ്ധിയേറ്റില്ല, ആ ഒരു ക്യാമറ 'ചതിച്ചു'; തുമ്പായി സേർച്ച്ഹിസ്റ്ററിയും
കണ്ണൂർ: വളപട്ടത്ത് അരി വ്യാപാരി കോറൽവീട്ടിൽ കെ പി അഷ്റഫിന്റെ വീട്ടിൽ കഴിഞ്ഞ മാസം 20 ന് ആയിരുന്നു മോഷണം നടന്നത്. 1.21 കോടി രൂപയും 267 പവൻ സ്വർണവുമാണ് മോഷ്ടാവ് കവർന്നത്. മോഷ്ടാവ് മാറ്റാരും ആയിരുന്നില്ല. അയൽവാസിയായ ലിജേഷ് ആയിരുന്നു. പണവും സ്വർണവും സൂക്ഷിച്ച ലോക്കർ തുറക്കാൻ ലിജേഷിന് ഒരുപണിയും ഉണ്ടായിരുന്നില്ല. വെൽഡിംഗ് തൊഴിലാളിയായിരുന്നു ലിജേഷ്.
ലോക്കറിനെക്കുറിച്ച് കൃത്യമായി ധാരള ഉള്ള ആൾക്ക് മാത്രമെ ഒരുകേടുപാടും വരാതെ ലോക്കർ തുറക്കാൻ കഴിയൂ. ആദ്യം ഒരു താക്കോൽ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവർത്തിപ്പിച്ചുമാണ് ലോക്കർ തുറക്കുക. ഇതേരീതിയിൽ തന്നെയായിരുന്നു ലോക്കർ തുറന്നത്.

വീടിന്റെ ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റാനും ലിജേഷിന് കൂടുതൽ സമയം വേണ്ടിവന്നില്ല. അകത്തുകയറി അലമാരകളിലാണ് ആദ്യം പരിശോധന തുടങ്ങിയത്. കിടപ്പ് മുറിയിലെ ഒരു അലമാരയിൽ നിന്ന് മറ്റൊരു അലമാരയുടെ താക്കോൽ ലഭിച്ചു. ആ അലമാര തുറന്നപ്പോഴാണ് ലോക്കറിന്റെ തക്കോൽ ലഭിച്ചത്. മരത്തിന്റെ അലമാരയുടെ അകത്തായിരുന്നു ലോക്കർ. ലോക്കർ ഉണ്ടാക്കുന്നതിലും തുറക്കുന്നതിലും വിദഗ്ധനായിരുന്നു ലിജേഷ്. അത് കൊണ്ട് തന്നെ 15 കൊല്ലം പഴക്കമുള്ള ലോക്കർ വളരെ വേഗം പ്രതിക്ക് തുറക്കാൻ കഴിഞ്ഞു. ലോക്കറിൽ നിന്ന് സ്വർണവും പണവും അവിടെ നിന്നെടുത്ത രണ്ട് ചാക്കിലാക്കിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.
നവംബർ 20 ന് രാത്രി 8 മണിക്കും 8.45 നും ഇടയിലായിരുന്നു മോഷണം. സി സി ടി വിയിൽ പാന്റ്സ് ധരിച്ച ആളെയായിരുന്നു കണ്ടത്. അഷ്റഫിന്റെ വീട്ടിലെ സി സി ടി വിയിൽ അന്ന് രാത്രി 9. 30 ന് ലിജേഷ് മുണ്ടുടുത്ത് റോഡിലൂടെ പോകുന്ന ദൃശ്യമുണ്ട്. അത് താനാണെന്നും മരുന്ന് വാങ്ങാൻ പോയതാണെന്നും പോലീസിനോട് പറഞ്ഞിരുന്നു. ലിജേഷ് പൊതുവെ പാന്റ് ധരിക്കാറില്ല. ലിജേഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ സേർച്ച് ഹിസ്റ്ററിയിൽ അധികവും മോഷണവുമായി ബന്ധപ്പെട്ടതായിരുന്നു.
മോഷണം നടന്ന അന്നും അടുത്ത ദിവസവും രാത്രി മുതൽ അടുത്ത ദിവസം രാവിലെ 10 വരെ ഫോണിലേക്ക് കോളൊന്നും വന്നിരുന്നില്ല. ട്രാവൽ ഹിസ്റ്ററി കൃത്യമായി കാണിക്കുന്നുണ്ടായിരുന്നു. മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇട്ടതായിരുന്നു. മോഷണ ദിവസം ധരിച്ച വസ്ത്രം അന്ന് രാത്രി തന്നെ വീടിന്റെ മുകൾനിലയിൽ കൊണ്ടുപോയി കത്തിച്ചതായി ലിജേഷ് പോലീസിനോട് പറഞ്ഞു.
ഏഴ് സി സി ടി വി ക്യാമറകളാണ് ഉണ്ടായിരുന്നത്. വീടിന്റെ ഇടത് ഭാഗത്തുള്ള രണ്ട് ക്യാമറകളും തിരിച്ചുവച്ചു. എന്നാൽ രണ്ടാമത്തെ ക്യാമറ തിരിച്ചുവച്ചത് ലിജേഷിന് പണിയായി. വീടിന്റെ അകത്തെ ദൃശ്യങ്ങൾ പതിയുന്ന വിധമായിരുന്നു. ഈ ക്യാമറയുടെ സമീപത്തുള്ള ജനലിന്റെ ഗ്രിൽ എടുത്തുമാറ്റി അകത്ത് കടന്ന ലിജേഷിന്റെ ദൃശ്യം പുറത്തെ ക്യാമറയിൽ പതിയുന്നുണ്ടായിരുന്നു. ജനൽ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയതോടെ മോഷാടാവിന്റെ കഷണ്ടിയും മുഖത്തിന്റെ ഒരു ഭാഗവും ക്യാമറയിൽ പതിഞ്ഞു. ശരീര ഘടനയും രൂപവും വ്യക്തമായി. ഈ ദൃശ്യം പോലീസിന് സഹായകമായി.












Click it and Unblock the Notifications