വളപട്ടണം മോഷണം: 300 പവനും ഒരു കോടിയും കവർന്നത് അയൽവാസി; പ്രതി പിടിയിൽ
കണ്ണൂർ: വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നത് അയൽവാസി. വീട്ടുടമ അഷ്റഫിന്റെ അയൽവാസി ലിജീഷ് അറസ്റ്റിലായി. പണവും സ്വർണവും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ മാസം 20 ന് ആയിരുന്നു മോഷണം. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു.
ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പ മുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫോൺ രേഖകളാണ് പ്രതിയെ കുടുക്കിയത്. മോഷണം നടന്ന ദിവസം പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വെൽഡിംഗ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കർ തുറക്കാൻ വിദഗ്ധനാണെന്നും പോലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാൻ പ്രതി നാട്ടിൽ തന്നെ തുടരുകയായിരുന്നു.

വിവാഹത്തിൽ പങ്കെടുക്കാൻ മധുരയിൽ പോയ അഷ്റഫും കുടുംബവും നവംബർ 24 ന് രാത്രിയിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ നടന്ന കാര്യം അറിയുന്നത്. പിന്നാലെ മോഷണം നടന്ന വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. കണ്ണൂർ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. വീട്ടിലെ സി സി ടി വിയിൽ നിന്ന് വീട്ടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാൾ 20 നും 21 നും രാത്രിയിൽ വീട്ടിൽ കടന്നതായും വ്യക്തമായി. സി സി ടി വിയിൽ മുഖം വ്യക്തമായിരുന്നില്ല.
അഷറഫിനെക്കുറിച്ച് കൃത്യമായി അറിയുന്ന ആളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയിൽ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്താൾക്ക് അത് തുറക്കാനാവില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. അഷറഫ് ഉടനെ മടങ്ങിവരില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് രണ്ടാമത്തെ ദിവസവും മോഷ്ടാവ് അകത്തുകടന്നത്. ഇതാണ് കുടുംബത്തെ അറിയാവുന്ന ആളാണ് പ്രതിയെന്ന് ഉറപ്പിക്കാൻ കാരണം.
പരിശോധനയ്ക്കിടെ പോലീസ് നായ മണം പിടിച്ച് പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി അഷ്റഫിന്റെ അയൽവാസിയായ ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് പ്രതി പിടിയിലാവുന്നത്.












Click it and Unblock the Notifications