കണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മഴുവുമായെത്തി യുവാവിന്റെ അക്രമം; പിന്നാലെ ചോക്ലേറ്റുമായി കടന്നുകളഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂര്‍ ടൗണില്‍ മഴുവുമായി യുവാവിന്റെ അതിക്രമം. ഗുരുജിമുക്ക് സ്വദേശി ജമാലാണ് ഞായറാഴ്ച രാത്രി മാരകായുധവുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പെരിങ്ങത്തൂര്‍ ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറിലെ ചില്ലുകള്‍ യുവാവ് അടിച്ചുതകര്‍ത്തു.
ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ലഹരിവിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. മഴുവുമായെത്തിയ ഇയാള്‍ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലെത്തുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റ് അടയ്ക്കാനുള്ള സമയമായതിനാല്‍ പ്രധാന ഷട്ടര്‍ മാത്രമേ തുറന്നിരുന്നുള്ളൂ. ഈ സമയം അക്രമാസക്തനായി എത്തിയ ജമാല്‍ കൗണ്ടറിലെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള ആക്രമണം ഭയന്ന് ഇതോടെ കൗണ്ടറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത് സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളും അടിച്ചു തകര്‍ത്തു. ഇതിന് പിന്നാലെ ഫ്രിഡ്ജിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം ഇതിലുണ്ടായിരുന്ന ചോക്ലേറ്റുകളില്‍ രണ്ടെണ്ണം കൈയിലെടുത്ത് പുറത്തേക്കിറങ്ങി പോകുകയായിരുന്നു.
ആക്രമണത്തിന്റെ ബഹളം കേട്ട് നാട്ടുകാര്‍ ഓടി കൂടിയെങ്കിലും ഒന്നും ചെയ്യാനായില്ല. കടയ്ക്ക് മുന്നിലെത്തിയ നാട്ടുകാരെ ഇയാള്‍ ആയുധം വീശി ഭീഷണിപ്പെടുത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജമാലിനെ പിടിച്ചുവെയ്ക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പോറലേറ്റു.
അതേസമയം സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ജമാലിന്റെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. പെരിങ്ങത്തൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്.












Click it and Unblock the Notifications