തളിപ്പറമ്പിലെ വീസാ തട്ടിപ്പ്: കണ്‍സള്‍ട്ടന്‍സ് സ്ഥാപന ഉടമകള്‍ ഇപ്പോഴും ഒളിവില്‍

തളിപ്പറമ്പ്: യു.കെ വിസ തട്ടിപ്പിനിരയായി ജീവനൊടുക്കേണ്ടി വന്ന വയനാട് സ്വദേശി അനൂപ് ടോമിയുള്‍പ്പെടെ നിരവധി പേരെ തൊഴില്‍ വാഗ്ദ്ധാനം ചെയ്തു വഞ്ചിച്ച കേസിലെ പ്രതികളായ തളിപറമ്പിലെ കണ്‍സള്‍ട്ടന്‍സ് സ്ഥാപന ഉടമകള്‍ ഇപ്പോഴും ഒളിവില്‍. തളിപറമ്പ് ചിറവക്കില്‍ സ്റ്റാര്‍ ഹൈറ്റ്‌സ് കണ്‍സള്‍ട്ടന്‍സിയെന്ന സ്ഥാപനം നടത്തിയ പുളിമ്പറമ്പില്‍ താമസിക്കുന്ന കിഷോര്‍കുമാറും കിരണ്‍കുമാറുമാണ് നൂറിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങിയത്. യൂറോപ്പിലടക്കം വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്.
സ്ഥാപനം പൂട്ടുകയും ഇടപാടുകാര്‍ ചിറവക്ക് കോംപസ് പോയന്റില്‍ വരികയും ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. എന്നാല്‍ അപ്പോഴും പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ കുറ്റാരോപിതരായ ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനോ കസ്റ്റഡിയിലെടുക്കാനോ പൊലിസിന് കഴിഞ്ഞില്ല. മാസങ്ങള്‍ക്കു ശേഷം 2023 ജനുവരി നാലിന് വയനാട് പുല്‍പ്പളളി സ്വദേശിയായ അനൂപ്‌ടോമി ജീവനൊടുക്കിയതോടെയാണ് പൊലിസ് തട്ടിപ്പുകാരായ സഹോദരങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയത്. വിസക്ക് പണം നല്‍കി വഞ്ചിക്കപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയത്. ഇതേ തുടര്‍ന്ന് തളിപറമ്പ്, പയ്യന്നൂര്‍, പരിയാരം സ്‌റ്റേഷനുകളില്‍ യുവാക്കള്‍ പരാതികളുമായെത്തി. ഇതിനകം ഇരുപതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് സി. ഐ എ.വി ദിനേശനാണ് കേസ് അന്വേഷിക്കുന്നത്.
യു.കെയടക്കമുളള രാജ്യങ്ങളിലേക്ക് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞു വാഗ്ദ്ധാനം ചെയ്തു അഞ്ചുലക്ഷം രൂപ വീതമാണ് ഇവര്‍ കൈക്കലാക്കിയത്. എന്നാല്‍ ആര്‍ക്കും ഇതുവരെ വിസ ലഭിച്ചിട്ടില്ല. ഈ ഇനത്തില്‍ കോടികളാണ് പ്രതികള്‍ തട്ടിയെടുത്തത്. തട്ടിയെടുത്ത പണം കൊണ്ടു പുളിമ്പറമ്പില്‍ കൂറ്റന്‍ വീടുപണിയുകയും ആഡംബര ജീവിതം തുടരുകയും ചെയ്യുന്നതിനിടെയാണ് സ്ഥാപനം പൂട്ടി ഉടമകള്‍ നാടുവിട്ടത്.
പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുകയും എല്ലാവിമാനത്താവളങ്ങളിലും വിവരം കൊടുക്കുകയും ചെയ്തിരുന്നു. ഇതേ സമയം പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന തട്ടിപ്പിനിരയായവരുടെ ആവശ്യം ശക്തമായിട്ടുണ്ട്. പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലെന്നാതെ പ്രതികളെ പിടികൂടാന്‍ കാര്യമായ ഇടപെടല്‍ പൊലിസ് നടത്തുന്നില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഈക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.












Click it and Unblock the Notifications