വിഷ്ണുപ്രിയ വധക്കേസ്: പ്രതി ശ്യാംജിത്തിനെ ചോദ്യം ചെയ്യാനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങും
തലശേരി: പാനൂര്‍ മൊകേരി വളള്യായിയിലെ വിഷ്ണുപ്രിയ കേസില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ട് സാക്ഷികളാണ് കേസില്‍ ഉണ്ടാവുകയാണെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ പൊന്നാനിയിലെ സുഹൃത്ത്, വീടിനടുത്ത് താമസിക്കുന്ന ഒരാള്‍ എന്നിവരാണിത്. വിഷ്ണുപ്രിയയുടെ അയല്‍വാസി, കൊലനടത്തിയതിനു ശേഷം ശ്യാംജിത്ത് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നു. ഇയാളുടെ മൊഴി ശേഖരിക്കുമെന്ന് പൊലിസ് അറിയിച്ചു.
ഇതുകൂടാതെ വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ ആണ്‍ സുഹൃത്തിന്റെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു. ആവശ്യമെങ്കില്‍ ഇയാളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം. സാക്ഷിമൊഴികളും തെളിവുകളും ഉള്‍പ്പെടെ പഴുതടച്ച കുറ്റപത്രമൊരുക്കാനാണ് പൊലിസ് തയ്യാറെടുക്കുന്നത്.

പാനൂര്‍ വളള്യായിയില്‍ കണ്ണച്ചാന്‍ങ്കണ്ടി ഹൗസില്‍ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊന്ന കേസില്‍ പ്രതിയെ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെ കളത്തില്‍ ശ്യാംജിത്തിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലിസ് ഒക്ടോബര്‍ 26ന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് കൂത്തുപറമ്പ് എസിപി അറിയിച്ചു.
ഞായറാഴ്ച്ച രാത്രിയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കണ്ണൂര്‍ സബ് ജയിലിലാണ് ശ്യാംജിത്ത് റിമാന്‍ഡില്‍ കഴിയുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രദേശവാസികളുടെ പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് തെളിവെടുപ്പിന് മുന്നോടിയായി വിഷ്ണുപ്രിയയുടെ വീടിനും പരിസരത്തും ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുമെന്ന് പൊലിസ് പറഞ്ഞു. നാടിനെ നടുക്കിയ കൊലപാതകമായതിനാല്‍ കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തുക.












Click it and Unblock the Notifications