എല്ലാവര്ക്കും തുല്യ നീതി ലഭ്യമാകാന്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം: വി കെ സിംഗ്
കണ്ണൂര്‍: കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ നീതി ലഭ്യമാകണമെങ്കില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു. ദൈവത്തിന്റെ സ്വന്തംനാടായ കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം നീതി ലഭ്യമാക്കി. എല്ലാവര്ക്കും വികസനം, എല്ലാവര്ക്കും നീതി എന്ന കാര്യം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ജാതി-മത വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി എല്ലാവര്ക്കും തുല്യ നീതി നടപ്പിലാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ കണ്ണൂര്‍ സമാപന പരിപാടി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. മോദിയുടെ വികസന പദ്ധതികള്‍ പിന്തുടരുന്നതിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളവും മാറും. മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വിജയ യാത്രയില്‍ കാണാന്‍ സാധിക്കുന്നത്. മാറ്റത്തിന്റെ വ്യക്തമായ ലക്ഷണമാണിത്. വിജയ യാത്രയയ്ക്ക് ശേഷവും ഇതേ ഊര്‍ജ്ജത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കണം.
500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമ ജന്മഭൂമിയില് ക്ഷേത്രമുയരുന്നുവെന്നത് അഭിമാനമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആറര വര്‍ഷക്കാലത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തുണ്ടായ മാറ്റം ചരിത്രത്തിലില്ലാത്ത ഒന്നാണ്. ഇതു കൊണ്ടുതന്നെ ലോക രാഷ്ട്രങ്ങള്‍ ഭാരതത്തെ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്. താന്‍ വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് ജാതിയും മതവും രാജ്യവും നോക്കാതെ വിദേശ രാജ്യങ്ങളില്‍ ദുരിതം അനുഭവിച്ചവരെ സഹായിച്ചു. രക്ഷപ്പെടുത്തിയവരില്‍ കേരളത്തില്‍ നിന്നുളള എല്ലാ വിഭാത്തില്‍പ്പെട്ടവരുമുണ്ടായിരുന്നു. അന്യ രാജ്യത്തെ ഭരണാധിപന്മാര് പോലും ഭാരതത്തെ അഭിനന്ദിച്ചു. ഇതാണ് ബിജെപിയുടെ നേതൃത്വത്തിലുളള നരേന്ദ്രമോദിയുടെ സമീപനം.
നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളും കമ്പനികളും ഭാരതത്തെ ഉറ്റു നോക്കുന്ന സ്ഥിതിയാണ് നിലവിലുളളത്. ഇത് നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയുടെ മഹത്തായ പ്രവര്‍ത്തനത്തിന്റെ അനന്തരഫലമാണ്.അന്താരാഷ്ട്ര കോടതിയില്‍ പോലും ഭാരതത്തില്‍ നിന്നുളള ജഡ്ജി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെടുന്നു. ലോകത്തെ 192 രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ചതും മോദി സര്‍ക്കാരിന്റെ നേട്ടമാണ്. ഇത് എല്ലാ രാജ്യത്തിന്റെയും പിന്തുണ ലഭിക്കാന്‍ സഹായകമായി
എന്തു സംഭവിച്ചാലും സര്‍ക്കാരിനെ പ്രതിപക്ഷത്തിന് സംശയമാണ്. പുല്വായ്മയില് 40 സൈനീകര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടി നല്കിയപ്പോള് പ്രതിപക്ഷം പരിഹസിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍തന്നെ 200 പേര് കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ പരിഹാസം വെറുതെയായി.
ചൈനയുടെ കടന്നു കയറ്റത്തിനെതിരെ 40 ഡിഗ്രി തണുപ്പിലും സൈനീകര്‍ ചെറുത്തു നിന്നത് മോദി സര്‍ക്കാരിന്റെ പ്രചോദനവും പിന്തുണയും സൈനീകരുടെ ആത്മവിശ്വാസവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാത്തതും എല്ലാവര്ക്കും മൂല്യധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാകാനും സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാകാനും അതുവഴി ഐശ്വര്യ പൂര്‍ണ്ണമായ കേരളം യാഥാര്‍ത്ഥ്യമാകാനും ബിജെപി വിജയ രഥത്തിലേറ്റാന്‍ കേരള ജനത തയ്യാറാകണമെന്നും മോദി സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്വാഗത സംഘം ചെയര്മാന് ഭാഗ്യശീലന്‍ ചാലാട് അധ്യക്ഷത വഹിച്ചു.