വീട്ടിലെ വോട്ട്: പേരാവൂരില്‍ സിപിഎം അംഗം നിര്‍ബന്ധിച്ചു വയോധികയെ വോട്ടു ചെയ്യിച്ചെന്ന് യുഡിഎഫ്
ഇരിട്ടി: കണ്ണൂര്‍ ജില്ലയില്‍ മലയോര പ്രദേശമായ പേരാവൂരില്‍മുതിര്‍ന്ന പൗരന്‍മാരെ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്ന സംവിധാനത്തിനെതിരെ വീണ്ടും പരാതി. പേരാവൂര്‍ മണ്ഡലത്തില്‍ 106 വയസ്സുകാരിയെ ചിഹ്നം കാണിച്ചു കൊടുത്തുനിര്‍ബന്ധിച്ച് വോട്ടു ചെയ്യിപ്പിച്ചെന്ന പരാതിയിലാണ് നിയമനടപടിയെടുക്കണമെന്ന ആവശ്യം ശക്തമായത്.
കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ പേരാവൂരില്‍ സിപിഎമ്മിനെതിരെയാണ് പരാതിയുമായി യുഡിഎഫ് രംഗത്ത് വന്നത്. സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്‌ക്കെതിരെയാണ് പരാതി.
ദൃശ്യങ്ങള്‍ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് യുഡിഎഫ് പരാതി കൈമാറുകയായിരുന്നു.വീട്ടിലെത്തി വയോധികയുടെ വോട്ടു ചെയ്യിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകയായ ഷൈമ ഇടപെട്ടു തന്റെ പാര്‍ട്ടിക്ക് വോട്ടു നിര്‍ബന്ധിതമായി ചെയ്യിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം, കല്യാശ്ശേരിയിലും വീട്ടുവോട്ടില്‍ സിപിഎം ബൂത്ത് ഏജന്റ് ഇടപെട്ടതായി പരാതി ഉയര്‍ന്നിരുന്നു. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതുതടയാതിരുന്ന നാല് പോളിങ് ഉദ്യോഗസ്ഥര്‍ക്കും വിഡിയോഗ്രഫര്‍ക്കുമെതിരെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കല്യാശേരിയിലെ പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസര്‍കോട് കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ വീട്ടു വോട്ടില്‍ ക്രമക്കേട് നടത്തിയതിന് ഇതുവരെയായി പോളിങ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ ഏഴു പേര്‍ക്കെതിരെ ഇതുവരെയായി പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ കിഴുത്തള്ളില്‍ യു.ഡി.എഫിനെതിരെയും ആളുമാറി വോട്ടു ചെയ്തുവെന്ന് ആരോപിച്ചു എല്‍.ഡി.എഫ് പരാതി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ പോളിങ് ഓഫിസര്‍, ബിഎല്‍എ എന്നിവരെ കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പോളിങ് ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ ബാക്കി നില്‍ക്കവെ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതു ദുരുപയോഗം ചെയ്യുന്നുവെന്നാണ് മുന്നണി പ്രവര്‍ത്തകര്‍ പരസ്പരം ആരോപിക്കുന്നത്.












Click it and Unblock the Notifications