വഖഫ് ഭൂമി തര്‍ക്കം: സെന്റ് മേരീസ് ഫൊറോന പാരിഷ് കൗണ്‍സില്‍ കര്‍മ്മ സമിതി രൂപീകരിച്ചു
തളിപ്പറമ്പ്: വഖഫ് ബോര്‍ഡിന്റെ അവകാശവാദം മൂലം റവന്യു അവകാശം നഷ്ടപ്പെട്ട മുനമ്പം പള്ളിയുടെയും ജനതയുടെയും സ്വത്തുക്കള്‍ക്ക് റവന്യു അവകാശങ്ങള്‍ പുന:സ്ഥാപിക്കുകയെന്ന മുദ്രാവാകും ഉയര്‍ത്തി മുനമ്പത്തെ 610 കുടുംബങ്ങള്‍ ഒരു മാസത്തോളമായി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തളിപ്പറമ്പ് ഇടവകയില്‍ ഐക്യദാര്‍ഢ്യ സമ്മേളനം.
ഇടവക വികാരി റവ.ഫാദര്‍ മാത്യു ആശാരിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. എകെസിസി തലശ്ശേരി അതിരൂപത സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ കൊട്ടാരത്തില്‍ മുഖ്യപ്രഭാഷണം നടത്തി. എകെസിസി യൂണിറ്റ് പ്രസിഡന്റ് സിബി പരിയാനിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. മാത്യു മൂന്നാനാല്‍, ഫാ. സെബാസ്റ്റിയന്‍ പേഴുംതൊട്ടിയില്‍, സെക്രട്ടറി സജീവ് മുക്കാട്ടുകുന്നേല്‍, ട്രഷറര്‍ രാജീവ് കൊച്ചുകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

ഇടവക കോര്‍ഡിനേറ്റര്‍, ട്രസ്റ്റിമാര്‍, എകെസിസി ഭാരവാഹികള്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പാരിഷ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. തളിപ്പറമ്പിന്റെ പല ഭാഗങ്ങളിലും വഖഫ് നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്.
സെന്റ് മേരീസ് ഫൊറോന ദേവാലയം, രാജരാജേശ്വരക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും നഗരസഭാ ഓഫീസ്, കോളേജ്, സഹകരണ ആശുപത്രി തുടങ്ങിയ പൊതുസ്ഥാപനങ്ങളും നിരവധി വീടുകളും ഈ നിയമത്തിന്റെ അധിനിവേശ ഭീഷണിയില്‍ ആണെന്ന വാര്‍ത്തകള്‍ ജനങ്ങളെ ആകുലപ്പെടുത്തുകയാണെന്ന് പാരിഷ് കൗണ്‍സില്‍ വിലയിരുത്തി.
മതസൗഹാര്‍ദ്ദത്തിനും കൂട്ടായ്മക്കും മാതൃകയായ ഒരു നഗരത്തിലെ ജനതയെ ഭിന്നിപ്പിക്കാനും അതിലൂടെ മുതലെടുപ്പ് നടത്താനുമുള്ള ചില ദുഷ്ടശക്തികളുടെ ലക്ഷ്യം ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുണ്ടോയെന്ന് പരിശോധിക്കപ്പെടണം. വിശദമായ പഠനങ്ങള്‍ നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കുന്നതിനും കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.
ഫൊറോന വികാരി ഫാ.മാത്യു ആശാരിപ്പറമ്പില്‍ (ചെയര്‍മാന്‍) ഫാ.ഡായി മാത്യു പ്ലാത്തോട്ടത്തില്‍ (കണ്‍വീനര്‍), ടോമി കുരിശുംമൂട്ടില്‍, സിബി പൈകട, അഡ്വ.മാര്‍ട്ടിന്‍ കൊട്ടാരത്തില്‍, മാത്യു വട്ടക്കുന്നേല്‍, രാജു ചൂരനോലി എന്നിവര്‍ കമ്മറ്റി അംഗങ്ങളുമാണ്.












Click it and Unblock the Notifications