ജലസാമ്പിള്‍ പരിശോധനാഫലം വന്നില്ല, കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ചവരുടെ ആശങ്ക തുടരുന്നു
പരിയാരം: അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച മൂന്നര വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായ സംഭവത്തില്‍ പരിശോധനയ്ക്കായി അയച്ച ജലസാമ്പിളുകളുടെ പരിശോധന ഫലം വൈകുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. രോഗബാധിതനായ കുട്ടിയും കുടുംബവും കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു.
ഇവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ സംശയം. ഇതിനാല്‍ വെള്ളച്ചാട്ടത്തിന്റെ ഉറവിടമായ കാരക്കുണ്ട് പാറക്കുളം കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളം എന്നിവയുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

പോണ്ടിച്ചേരിയിലെ വിനായക മിഷന്‍ മെഡിക്കല്‍ കോളേജിലാണ് പരിശോധന നടത്തിയത്. കുട്ടിയും കുടുംബവും കാരക്കുണ്ടില്‍ സന്ദര്‍ശനം നടത്തിയ ദിവസത്തിലും അതിനു മുന്‍പും ശേഷവും ഇവിടെ സന്ദര്‍ശനം നടത്തിയവരും കുളിച്ചവരുമാണ് ആശങ്കയിലായത്. പരിശോധനഫലം എത്രയും പെട്ടെന്ന് ലഭ്യമാക്കി ജനങ്ങളുടെ ആശങ്ക ആരോഗ്യ വകുപ്പ് അകറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് ആവശ്യപ്പെട്ടു.
മാരക രോഗമായ അമീബിക് മസ്തിഷ്‌ക്ക ജ്വരത്തിന്റെ ഉറവിടം കണ്ടെത്താനുമുള്ളഒരു സാമ്പിള്‍ പരിശോധന വൈകുന്നതില്‍ പ്രദേശവാസികളും വിനോദ സഞ്ചാരികളും ആശങ്കയിലാണ്. ഇതിനിടെ
അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ് . ഇതില്‍ കണ്ണൂര്‍ ജില്ലക്കാരനായ മൂന്നര വയസുകാരനാണ് ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്നത്.കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ നില തൃപ്തികരമാണ്.
ഈ കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. രോഗ സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം രോഗവിമുക്തി നേടുന്ന രാജ്യത്തെ ആദ്യ കേസുകളില്‍ ഒന്നാണിത്. കണ്ണൂര്‍ ജില്ലക്കാരനായ കുട്ടിക്ക് രോഗം പിടിപ്പെട്ടത് കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ചതിനാലാണെന്ന വിവരം പുറത്തു വന്നതോടെയാണ് കഴിഞ്ഞ ജൂലായ് 20 ന് ഡി.എം.ഒയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകളുടെ പരിശോധനയെടുത്തത്.
കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരും കാരക്കുണ്ടില്‍ പരിശോധന നടത്തിയിരുന്നു. ജലത്തിന്റെ സാമ്പിള്‍ റിസല്‍ട്ട് വൈകുന്നത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തെയും വെട്ടിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications